ന്യൂഡൽഹി: കൊവിഡ് ചികിത്സാ മാർഗരേഖയിൽ നിന്ന് പ്ലാസ്‌മ തെറാപ്പിയെ ഐ.സി.എം.ആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഒഴിവാക്കി. രോഗമുക്തരുടെ രക്തത്തിലെ പ്ലാസ്‌മ ഉപയോഗിച്ചുള്ള ചികിത്സ കൊവിഡ് മുക്തിക്ക് ഫലപ്രദമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
സാധാരണ ചികിത്സയെ അപേക്ഷിച്ച് പ്ലാസ്‌മ തെറാപ്പി മരണനിരക്ക് കുറയ്‌ക്കുന്നില്ലെന്ന അന്താരാഷ്ട്ര പഠനങ്ങൾ പുറത്തുവന്നിരുന്നു. കൊവിഡ് ചികിത്സയ്‌ക്ക് പ്ലാസ്‌മ തെറാപ്പി ഫലപ്രദമല്ലെന്ന് നേരത്തേ ഐ.സി.എം.ആറും വ്യക്തമാക്കിയിരുന്നു. പലയിടത്തും അശാസ്ത്രീയമായി പ്ലാസ്‌മ തെറാപ്പി ഉപയോഗിക്കുന്നതായി പരാതിയും ഉണ്ട്.
കൊവിഡ് ചികിത്സയ്ക്കായി ഡൽഹി സർക്കാർ പ്ലാസ്‌മ ബാങ്ക് തന്നെ തുടങ്ങിയിരുന്നു.