mom-and-baby

കൊവിഡ് മുക്തർക്ക് മൂന്നു മാസത്തിനു ശേഷം

ന്യൂഡൽഹി: മുലയൂട്ടുന്ന അമ്മമാർക്കും കൊവിഡ് വാക്‌സിൻ നൽകാമെന്ന വിദഗ്ദ്ധസമിതിനിർദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. ഗർഭിണികൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച്

പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട വിദഗ്ദ്ധസമിതി ചർച്ച നടത്തുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് ബാധിച്ചവർ രോഗമുക്തരായി മൂന്നുമാസത്തിനുശേഷം വാക്‌സിൻ എടുത്താൽ മതി. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചശേഷമാണ് കൊവിഡ് ബാധിച്ചതെങ്കിലും രോഗമുക്തി നേടി മൂന്നു മാസത്തിനുശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. കൊവിഡ് ബാധിച്ച് പ്ലാസ്മ തെറാപ്പിക്ക് വിധേയമായവർക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് മൂന്ന് മാസത്തിനു ശേഷവും മറ്റ് ഗുരുതര അസുഖമുള്ളവ‌ർക്ക് ആശുപത്രിവിട്ടശേഷം നാലു മുതൽ എട്ടാഴ്ചയ്ക്കു ശേഷവും വാക്സിൻ നൽകാം. കൊവിഡ് വാക്‌സിനെടുക്കാനെത്തുന്നവർക്ക് ആന്റിജൻ പരിശോധന ആവശ്യമില്ല. വാക്‌സിൻ സ്വീകരിച്ചവർക്കും കൊവിഡ് രോഗമുക്തി നേടിയവർക്കും 14 ദിവസത്തിനു ശേഷം രക്തം ദാനം ചെയ്യാം. ഈ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾ ആവശ്യമായ നടപടി സ്വീകരിക്കണം.