ന്യൂഡൽഹി: ഡാർച്ച - പദൂൺ - നിമ്മു വഴി മണാലിയിൽ നിന്ന് ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും ഗതാഗതം സാദ്ധ്യമാക്കാൻ ശ്രീനഗറിലെ ഷിൻകുൻ ലാ പാസിൽ 4.25 കിലോമീറ്റർ നീളത്തിൽ തുരങ്കം നിർമ്മിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് നിർമ്മാണ ചുമതല. 2024ൽ പൂർത്തിയാകും. സമുദ്രനിരപ്പിൽ നിന്ന് 5,091 മീറ്റർ ഉയരത്തിലാണ് ഷിൻകുൻ ലാ പാസ്.
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻ.എച്ച്.ഐ.ഡി.സി.എൽ) ബി.ആർ.ഒയുമാണ് തുരങ്ക നിർമ്മാണത്തിന്റെ നിർദ്ദേശങ്ങൾ കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്.
ലളിതമായ രൂപകല്പനയും അടിസ്ഥാന ഉപകരണങ്ങൾ മാത്രം ആവശ്യമുള്ളതിനാലും ബി.ആർ.ഒ മുന്നോട്ട് വച്ച പദ്ധതി പ്രകാരമുള്ള തുരങ്കത്തിന് നിർമ്മാണ ചെലവ് 1,000 കോടി രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.