ന്യൂഡൽഹി: വീടുകളിലും ഓഫീസുകളിലും മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കിയാൽ കൊവിഡ് വൈറസ് വ്യാപനം തടയാമെന്ന് കേന്ദ്രം.
രോഗബാധിതന്റെ ഉമിനീർ, മൂക്കിൽ നിന്നുള്ള സ്രവം എന്നിവയിലൂടെ വായുവിലെത്തുന്ന വൈറസ് പകരുന്നത് തടയുന്നതിനാണ് വായു സഞ്ചാരം ഉറപ്പാക്കുന്നതെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്‌ടാവ് പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.
നഗരങ്ങളിലും ഗ്രാമങ്ങളിലും വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കുടിലുകൾ, വീടുകൾ, ഓഫീസുകൾ, വലിയ കേന്ദ്രീകൃത കെട്ടിടങ്ങൾ എന്നിവിടങ്ങളിലും വായു സഞ്ചാരത്തിനുള്ള ശുപാർശയുണ്ട്. ജനാലകളും വാതിലുകളും തുറന്നിട്ടും ക്രോസ് വെന്റിലേഷനും എക്സ്ഹോസ്റ്റ് ഫാനുകളും മറ്റും ഉപയോഗിച്ചും വായു സഞ്ചാരം ഉറപ്പാക്കുന്നത് രോഗം പടരുന്നത് കുറയ്ക്കുമെന്നും മാർഗരേഖയിൽ പറയുന്നു.
മാർഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ:
വായുസഞ്ചാരമില്ലാത്ത വീടുകളിലും ഓഫീസുകളിലും വൈറസ് നിലനിൽക്കും. ഇത് രോഗവ്യാപനത്തിനിടയാക്കും.
തുറന്ന ജാലകങ്ങളും വാതിലുകളും എക്സ്ഹോസ്റ്റ് ഫാനും വൈറസിന്റെ സാന്നിദ്ധ്യം കുറയ്ക്കും.
വായു സഞ്ചാരം വീട്ടിലും ജോലിസ്ഥലത്തും എല്ലാവരെയും സംരക്ഷിക്കുന്ന ഒരു സാമൂഹ്യ പ്രതിരോധം.
ഓഫീസുകളിലും വീടുകളിലും വലിയ പൊതു ഇടങ്ങളിലും പുറം വായു ലഭ്യമാക്കണം.
സെൻട്രലൈസ്ഡ് എസിയും വായു സഞ്ചാര ക്രമീകരണങ്ങളുമുള്ള കെട്ടിടങ്ങളിൽ സെൻട്രൽ എയർ ഫിൽട്രേഷൻ ഉറപ്പാക്കണം.
ഫിൽട്ടറുകൾ പതിവായി വൃത്തിയാക്കുകയും മാറ്റിസ്ഥാപിക്കുകയും വേണം.
ഓഫീസുകൾ, ഓഡിറ്റോറിയങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ ഇടങ്ങളിൽ ഗാബിൾ ഫാൻ സംവിധാനങ്ങളും മേൽക്കൂര വെന്റിലേറ്ററുകളും വേണം.