ന്യൂഡൽഹി: ജയിലിൽ നിന്ന് ആശുപത്രിയിൽ പോയി ചികിത്സ തേടിയിട്ട് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭീമാ കൊറെഗാവ് കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ സ്റ്റാൻസാമി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ചില്ലെങ്കിൽ ജയിൽ കിടന്ന് മരിക്കാനിടയുണ്ടെന്നും അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ ജസ്റ്റിസുമാരായ എസ്.ജെ. കാത്താവാല, എസ്.പി. തവാഡെ എന്നിവരുൾപ്പെട്ട ബെഞ്ചിനെ അറിയിച്ചു.
പാർക്കിൻസൺ രോഗം മൂലം ഗുരുതരാവസ്ഥയിലായ തന്നെ രണ്ട് തവണ ജെ.ജെ. ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ കൃത്യമായ ചികിത്സയല്ല ലഭ്യമാക്കുന്നത്. ആരോഗ്യസ്ഥിതി വഷളാക്കാൻ ഇത് കാരണമാകുന്നു. അതിനാൽ ഇനി ആശുപത്രിയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി നിർദ്ദേശ പ്രകാരം ജെ.ജെ ഹോസ്പിറ്റൽ മെഡിക്കൽ റിപ്പോർട്ട് നൽകി. സ്റ്റാൻസാമിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കേൾവിക്കുറവ് ബാധിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസ് പരിഗണിക്കുന്നത് ജൂലായ് 7ലേക്ക് മാറ്റി.