
ന്യൂഡൽഹി: സ്വന്തം മണ്ഡലമായ വാരാണസിയിലെ ഡോക്‌ടർമാരുമായും ഉദ്യോഗസ്ഥരുമായും സംവദിക്കുകയായിരുന്ന പ്രധാനമന്ത്രി, കൊവിഡ് മൂലം മരിച്ചവരെ അനുസ്മരിക്കവേ വികാരാധീനനായി.
മഹാമാരി വിതച്ച ദുരന്തത്തിൽ അനേകം പ്രിയപ്പെട്ട ജീവനുകളാണ് ഇല്ലാതായത്. അവർക്കായി ആദരാഞ്ജലി അർപ്പിക്കുന്നു. ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കു ചേരുകയാണെന്നും കണ്ഠമിടറിക്കൊണ്ട് മോദി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ വാക്സിൻ പ്രധാനമാണ്. അതു പാഴാക്കരുത്.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഗ്രാമങ്ങൾക്ക് മുൻഗണന നൽകണം. 'രോഗി എവിടെയോ അവിടെ ചികിത്സ' എന്ന പുതിയ മുദ്രാവാക്യം അടിസ്ഥാനമാക്കി വീടുകളിൽ ചികിത്സ ലഭ്യമാക്കിയാൽ ആശുപത്രികളുടെ സമ്മർദ്ധം കുറയും.
വാരാണസിയിൽ നടപ്പാക്കിയ മരുന്നുകളുടെ ഹോം ഡെലിവറി, ടെലി മെഡിസിൻ സേവനം എന്നിവയുൾപ്പെട്ട 'കാശി കവച്' ഫലപ്രദമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വച്ഛ് ഭാരത് അഭിയാൻ വഴി ശൗചാലയങ്ങളും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചികിത്സാ കേന്ദ്രങ്ങളും ഉജ്ജ്വല പദ്ധതി പ്രകാരം ഗ്യാസ് സിലിണ്ടർ വിതരണവും ജൻധൻ ബാങ്ക് അക്കൗണ്ടുകളും യാഥാർത്ഥ്യമായത് കൊവിഡ് പ്രതിരോധത്തിൽ സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.