ന്യൂഡൽഹി: നാരദാ അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതാ മുഖർജി, എം.എൽ.എ മദൻ മിത്ര, മുൻ കൊൽക്കത്താ മേയർ സൊവാൻ ചാറ്റർജി എന്നിവരെ വീട്ടുതടങ്കലിലാക്കാൻ കൊൽക്കത്താ ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐയുടെ എതിർപ്പ് മറികടന്നാണിത്. കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ചിൽ വിയോജിപ്പുണ്ടായതിനെ തുടർന്ന് കേസ് വിശാല ബെഞ്ചിന് വിട്ടു.
കഴിഞ്ഞ 17ന് അറസ്റ്റിലായ നാലു പേരുടെയും കേസ് പരിഗണിക്കുമ്പോഴാണ് ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് രാകേഷ് ബിന്ദാളും ജസ്റ്റിസ് അരിജിത് ബാനർജിയും അടങ്ങിയ ഡിവിഷൻ ബെഞ്ചിൽ വിയോജിപ്പുണ്ടായത്. കൊൽക്കത്താ റസിഡൻസി ജയിലിലുള്ള നാലുപേരെയും കൊവിഡ് പരിഗണിച്ച് വീട്ടുതടങ്കലിലാക്കാൻ ജസ്റ്റിസ് രാകേഷ് ബിന്ദാൾ ഉത്തരവിട്ടപ്പോൾ ജസ്റ്റിസ് അരിജിത് ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്നാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. വിശാല ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കുന്നതുവരെ നാലു നേതാക്കളെയും വീട്ടു തടങ്കലിലാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
രണ്ടു മന്ത്രിമാർക്ക് ഫയലുകൾ നോക്കാനും വീഡിയോ കോൺഫറൻസിംഗ് വഴി ഔദ്യോഗിക ജോലികൾ നിർവഹിക്കാനും കോടതി അനുമതി നൽകി. ഫിർഹദ് ഹക്കീം കൊവിഡ് ചുമതലകൾ വഹിച്ച മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ അഭാവം പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചേക്കും. എന്നാൽ വീട്ടുതടങ്കൽ ജയിലിന് തുല്യമാണെന്നും ജാമ്യം നൽകണമെന്നും മന്ത്രിമാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി വാദിച്ചു.