drdo

ന്യൂഡൽഹി: കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള ചെലവ് കുറഞ്ഞ ആന്റിബോഡി കിറ്റ് ഡി.ആർ.ഡി.ഒ വികസിപ്പിച്ചു. ഒന്നേകാൽ മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന ഡിപ്പോവാൻ എന്ന പേരിലുള്ള 75 രൂപ വിലയുള്ള കിറ്റ് അടുത്തമാസം മുതൽ വിപണിയിൽ ലഭ്യമാകും.

കൊവിഡ് വൈറസ് ബാധിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കിറ്റ് ഫലപ്രദമാണെന്ന് 1000ത്തോളം പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞു. 18മാസം വരെ സൂക്ഷിക്കാം.

ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലീഡ് സയൻസസും (ഡിപാസ്) ഡൽഹിയിലെ വാൻഗാർഡ് ഡയഗ്‌നോസിസും സംയുക്തമായി വികസിപ്പിച്ച ഡിപ്പോവാന്റെ വ്യാവസായിക ഉത്പാദനത്തിനും വിൽപനയ്ക്കും ഐ.സി.എം.ആർ, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(സി.ഡി.എസ്.സി.ഒ), കേന്ദ്ര കുടുംബ, ആരോഗ്യക്ഷേമ മന്ത്രാലയം എന്നിവയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

1000 ടെസ്റ്റുകൾക്കുള്ള 100 കിറ്റുകൾ അടുത്തമാസം ആദ്യം നടക്കുന്ന ചടങ്ങിൽ വാൻഗാർഡ് ഡയഗ്‌നോസിസ് പുറത്തിറക്കും.