black-fungus

ന്യൂഡൽഹി:രാജ്യത്ത് ഇതുവരെ 8848 പേർക്കാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചതെന്നും കേരളത്തിൽ 36 പേർക്കാണ് രോഗബാധയെന്നും കേന്ദ്രം അറിയിച്ചു. 23 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലാണ് മൊത്തം രോഗികൾ.

ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ. 2281. രോഗികളുടെ എണ്ണത്തിൽ പതിനഞ്ചാം സ്ഥാനത്താണ് കേരളം. പത്തു സംസ്ഥാനങ്ങളിൽ നൂറിൽ കൂടുതൽ രോഗികളുണ്ട്.

പുതുച്ചേരിയും ലക്ഷദ്വീപും അടക്കം13 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിൽ രാേഗം റിപ്പോർട്ട് ചെയ്‌തിട്ടില്ല. വിവിധ കേന്ദ്രസ്ഥാപനങ്ങളിലായി 442 കേസുകളുണ്ട്.

ചികിത്സയ്‌ക്കുള്ള ആംഫോടെറിസിൻ-ബി മരുന്നിന്റെ 23,​680 വയലുകൾ അധികമായി സംസ്ഥാനങ്ങൾക്ക് അനുവദിച്ചതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. കേരളത്തിന് 120 വയലുകൾ ലഭിക്കും. മഹാരാഷ്ട്രയ്ക്ക് 5090, ഗുജറാത്തിന് 5800, ആന്ധ്രയ്ക്ക് 2310 വയലുകളും അധികമായി അനുവദിച്ചിട്ടുണ്ട്. ഇവയ്ക്ക് ക്ഷാമമുള്ളതായി റിപ്പോർട്ടുണ്ട്. അടിയന്തരമായി മരുന്ന് ലഭ്യമാക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

രോഗികൾ കൂടുതൽ
ഗുജറാത്ത് ....................2281

മഹാരാഷ്ട്ര................... 2000

ആന്ധ്ര..............................910

മദ്ധ്യപ്രദേശ്.................... 720

രാജസ്ഥാൻ.....................700

കർണാടക.......................500

തെലങ്കാന.......................350

ഹരിയാന........................250

ഡൽഹി...........................197

യു.പി...............................112

കേന്ദ്രസ്ഥാപനങ്ങളിൽ.442

സൗജന്യ ചികിത്സ

നൽകണം:സോണിയ

ബ്ലാക്ക് ഫംഗസ് ചികിത്സ സൗജന്യമാക്കണമെന്നും അവശ്യ മരുന്നുകൾ ഉറപ്പാക്കണമെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ആംഫോടെറിസിൻ -ബി മരുന്നിന് ക്ഷാമമുള്ളതായി റിപ്പോർട്ടുണ്ട്. ബ്ലാക്ക് ഫംഗസ് രോഗം ആയുഷ്മാൻ ഭാരത് അടക്കമുള്ള ഇൻഷ്വറൻസ് പദ്ധതിയിൽ വരുന്നില്ല. ഇക്കാര്യത്തിലും അടിയന്തര നടപടിയെടുക്കണം.

ബ്ലാക്ക് ഫംഗസ്: വിട്ടുമാറാത്ത തലവേദന ശ്രദ്ധിക്കണം

ന്യൂഡൽഹി: കൊവിഡ് മുക്തരായി വരുന്നവർക്ക് വിട്ടുമാറാത്ത തലവേദനയോ മുഖത്ത് വീക്കമോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.ഇത് ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണമായേക്കാമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ അറിയിച്ചു. ഉടൻ ഡോക്ടറെ കണ്ട് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്താനുള്ള പരിശോധ നടത്തണം. വായയിലുണ്ടാകുന്ന നിറം മാറ്റം, മുഖത്തെ സംവേദന കുറവ്, പല്ലിന് ഇളക്കം, മൂക്കടപ്പ് അസ്വസ്ഥത എന്നിവയും ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളായേക്കാം. സി.ടി സ്‌കാൻ, എക്‌സ്‌റേ പരിശോധനകളിൽ രോഗം കണ്ടെത്താം. ഏത് പ്രായത്തിലുള്ളവർക്കും, കൊവിഡ് ബാധിക്കാത്തവർക്കുമെല്ലാം ഈ രോഗം ബാധിക്കാം. എന്നാൽ 40ന് വയസിന് മുകളിലുള്ള പ്രമേഹരോഗികൾക്കാണ് കൂടുതൽ രോഗസാദ്ധ്യതയെന്നും അദ്ദേഹം പറഞ്ഞു.