പ്രധാനമന്ത്രിക്ക് കത്തയച്ച് കേജ്‌രിവാൾ
ന്യൂഡൽഹി: കൊവിഡ് വാക്സിൻ ക്ഷാമത്തെ തുടർന്ന് 18നും 44നും ഇടയിൽ പ്രായമുള്ളവർക്കുള്ള കുത്തിവയ്പ്പ് ഡൽഹിയിൽ താത്കാലികമായി നിറുത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.
വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് വീണ്ടും കുത്തിവയ്പ്പ് കേന്ദ്രങ്ങൾ തുറക്കും.
ഡൽഹിയിൽ എല്ലാ മാസവും 80 ലക്ഷം ഡോസുകളാണ് വേണ്ടത്. എന്നാൽ മേയിൽ 16 ലക്ഷം മാത്രമാണ് ലഭിച്ചത്. ജൂണിൽ ഇത് എട്ട് ലക്ഷമായി കുറഞ്ഞു. ഇങ്ങനെയാണെങ്കിൽ ഡൽഹിയിൽ എല്ലാവർക്കും വാക്‌സിൻ നൽകാൻ കുറഞ്ഞത് 30 മാസമെങ്കിലും എടുക്കുമെന്നും കേജ്‌രിവാൾ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ മൂന്നാംകൊവിഡ് തരംഗത്തിൽ നിന്ന് സംരക്ഷിക്കാൻ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്തെ എല്ലാ വാക്‌സിൻ നിർമ്മാതാക്കളോടും കൊവാക്സിൻ ഉത്പാദിപ്പിക്കാൻ നിർദ്ദേശിച്ച് 24 മണിക്കൂറിനുള്ളിൽ ഉത്തരവ് ഇറക്കുക, വിദേശ വാക്സിൻ നിർമ്മാതാക്കൾക്ക് ഇന്ത്യയിൽ വാക്സിൻ നിർമ്മിക്കാൻ അനുമതി നൽകുക, വിദേശത്ത് നിന്ന് വാക്സിൻ വാങ്ങി കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുക, ആവശ്യത്തിലധികം വാക്സിൻ സംഭരിച്ച രാജ്യങ്ങളിൽ നിന്ന് അധിക ഡോസ് ഇന്ത്യയ്ക്ക് നൽകാൻ അഭ്യർത്ഥിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.