covid

ന്യൂഡൽഹി: തുടർച്ചയായ ഏഴാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 240842 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 17നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടർച്ചയായ ഒമ്പതാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം (3,55,102 ) പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ്. രോഗമുക്തി നിരക്ക് ഉയർന്ന് 88.30 ശതമാനമായി. 3741 പേർ കൂടി മരിച്ചു.

ചികിത്സയിലുള്ള രോഗികളുടെ എണ്ണം 28 ലക്ഷമായി കുറഞ്ഞു. ഇത് ആകെ രോഗബാധിതരുടെ 10.57 ശതമാനം മാത്രമാണ്. ചികിത്സയിലുള്ളവരുടെ 66.88 ശതമാനവും കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലാണ്.

24 മണിക്കൂറിനിടെ രാജ്യത്ത് 21.23 ലക്ഷം പരിശോധനൾ നടത്തി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 11.34 ശതമാനമായി കുറഞ്ഞു. മേയ് പത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
ഇതുവരെ 19.5 കോടി ഡോസ് വാക്സിൻ കുത്തിവച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും 21.8 കോടിയിലേറെ വാക്സിൻ ഡോസാണ് ഇതുവരെ നൽകിയത്. നിലവിൽ 1.9 കോടി ഡോസുകൾ സംസ്ഥാനങ്ങളിൽ ലഭ്യമാണ്. അടുത്ത 3 ദിവസത്തിനുള്ളിൽ 40,650 വാക്സിൻ ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്ക് കൈമാറുമെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.