ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം മൂന്നു ലക്ഷം കടന്നു. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ മൂന്നു ലക്ഷം കൊവിഡ് മരണം റിപ്പോർട്ടുചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആറു ലക്ഷത്തിലേറെ പേർ മരിച്ച യു.എസാണ് ഒന്നാമത്. ബ്രസീലിൽ നാലര ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയിലെ കൊവിഡ് മരണം 3.02 ലക്ഷം പിന്നിട്ടു.
രാജ്യത്ത് ആദ്യ കൊവിഡ് മരണം 2020 മാർച്ച് 13 നായിരുന്നു. തുടർന്ന് 203 ദിവസമെടുത്ത് ഒക്ടോബർ രണ്ടിന് ഒരു ലക്ഷം കടന്നു. 206 ദിവസമെടുത്ത് 2021 ഏപ്രിൽ 27 ന് മരണം രണ്ടു ലക്ഷം പിന്നിട്ടു. പിന്നെ വെറും 26 ദിവസങ്ങളിലാണ് ഒരു ലക്ഷം പേർ മരിച്ച് മൂന്നുലക്ഷം ആയത്.
രാജ്യത്ത് പ്രതിദിന കേസുകൾ ഒരാഴ്ചയായി കുറയുന്നുണ്ടെങ്കിലും മരണം മൂവായിരത്തിന് മുകളിൽ തുടരുകയാണ് - 1.13 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിൽ 3741 പേർ മരിച്ചു.മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, യു.പി, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് കൂടുതൽ പ്രതിദിന മരണം.