covid-death

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കാൻ സഹായിക്കും വിധം മരണ സർട്ടിഫിക്കറ്റുകൾക്കായി പ്രത്യേക മാർഗരേഖ ആസൂത്രണം ചെയ്യുന്ന വിഷയത്തിൽ കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീംകോടതി. കൊവി‌ഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയുടെ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ചതടക്കമുള്ള ഹർജികളിലാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ,​ എം.ആ‍ർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം.പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ജൂൺ 11ന് ഹ‌ർജി വീണ്ടും പരിഗണിക്കും.

''ശ്വാസകോശ സംബന്ധമായ രോഗം,​ അണുബാധ തുടങ്ങിയവയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണസർട്ടിഫിക്കറ്റുകളിൽ നിലവിൽ രേഖപ്പെടുത്തുന്നത്. കൊവി‌ഡിനെക്കുറിച്ച് യാതൊന്നും പറയുന്നില്ല. അപ്പോൾ എങ്ങനെ കൊവിഡ് ബാധിച്ച് മരിച്ചവരെ തിരിച്ചറിയാൻ കഴിയും?​ അതിന് എന്ത് മാർഗരേഖയാണുള്ളതെന്ന്'' കോടതി ആരാഞ്ഞു.