ന്യൂഡൽഹി: നാരദാ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാളിലെ രണ്ട് മന്ത്രിമാരടക്കമുള്ള നാല് തൃണമൂൽ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിക്കാനുള്ള കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സി.ബി.ഐ.
ജാമ്യാപേക്ഷ വിശാല ബെഞ്ചിന് വിട്ട നടപടിയെയും ചോദ്യം ചെയ്തു. ഇതോടെ കേസ് പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യത്തെ തുടർന്നാണ് നടപടി. ഇന്നലെ കേസ് പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് ഏഴ് വർഷം പഴക്കമുള്ള കേസിൽ ഇപ്പോഴുണ്ടായ അടിയന്തിര കുറ്റപത്ര സമർപ്പണത്തിന്റെയും അറസ്റ്റിന്റെയും കാരണം തേടി.
ജാമ്യം അനുവദിക്കുന്നതിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാലും ജസ്റ്റിസ് അരിജിത്ത് ബാനർജിയും തമ്മിൽ വിയോജിപ്പുണ്ടായതോടെയാണ് കേസ് അഞ്ചംഗ വിശാല ബെഞ്ചിന് വിട്ടത്. അന്തിമ തീരുമാനമെടുക്കും വരെ നേതാക്കളെ വീട്ടുതടങ്കലിൽ സൂക്ഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സി.ബി.ഐ പ്രത്യേക കോടതി നൽകിയ ജാമ്യം സ്റ്റേ ചെയ്ത നടപടിക്കെതിരെ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, എം.എൽ.എ മദൻ മിത്ര, മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി എന്നിവരാണ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെതിരെക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ എം.പി. കല്യാൺ ബാനർജി രംഗത്തെത്തിയിരുന്നു. നാരദാ കേസ് ഗവർണർ സി.ബി.ഐക്ക് വിട്ടുവെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഗവർണർക്കെതിരെ പരാതി നൽകാൻ കഴിയില്ലെന്ന് അറിയാമെന്നും കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗവർണർക്കെതിരെ ജനങ്ങൾ പൊലീസിന് പരാതി നൽകണമെന്നും കല്യാൺ ബാനർജി പ്രതികരിച്ചു.