ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ വൻതോതിൽ സൂക്ഷിച്ച കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. മരുന്നുകൾ വൻതോതിൽ വാങ്ങിക്കൂട്ടിയ ശേഷം വിതരണം ചെയ്തത് നല്ല ഉദ്ദേശ്യത്തോടെയായിരിക്കും. പക്ഷേ, മരുന്ന് ദൗർലഭ്യം നിലനിൽക്കുന്ന സമയത്തുള്ള ഗൗതം ഗംഭീറിന്റെ നടപടി ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണെന്നും ഹൈക്കോടതി വിമർശിച്ചു. ജസ്റ്റിസുമാരായ വിപിൻ സാംഘി, ജസ്മീത് സിംഗ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.ഗംഭീറിന് പുറമേ ആം ആദ്മി എം.എൽ.എമാരായ പ്രീതി തോമർ, പ്രവീൺ കുമാർ എന്നിവർക്കെതിരെയാണ് ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യ അന്വേഷണം നടത്തുക. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ മാസം 31ന് കേസ് വീണ്ടും പരിഗണിക്കും.