covid

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് മരണം വീണ്ടും നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേർ കൂടി മരിച്ചു.

കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിലാണ് 80 ശതമാനം പുതിയ മരണങ്ങളും. മഹാരാഷ്ട്രയിൽ 1320, കർണാടകയിൽ 624, തമിഴ്‌നാടിൽ 422, യു.പിയിൽ 231, പഞ്ചാബിൽ 192 ,ഡൽഹിയിൽ 189 എന്നിങ്ങനെയാണ് മരണം. 2,22,315 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,02,544 പേർ രോഗമുക്തരായി.

പുതിയ കേസുകളിൽ 81.08 ശതമാനവും തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്ര, പശ്ചിമബംഗാൾ, ഒഡിഷ, രാജസ്ഥാൻ, പഞ്ചാബ്, യു.പി എന്നീ പത്തു സംസ്ഥാനങ്ങളിലാണ്. കർണാടകയിൽ 4.73 ലക്ഷം പേരും മഹാരാഷ്ട്രയിൽ 3.51 ലക്ഷവും തമിഴ്‌നാട്ടിൽ 2.94 ലക്ഷം പേരും കേരളത്തിൽ 2.77 ലക്ഷം പേരുമാണ് ചികിത്സയിലുള്ളത്.

അതേസമയം രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായി കുറയുകയും രോഗമുക്തി നിരക്ക് ഉയരുകയാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗ‌ർവാൾ പറഞ്ഞു. രണ്ടാം തരംഗം പാരമ്യത്തിലെത്തിയ മേയ് ഏഴിന് ശേഷം പ്രതിദിന കേസുകൾ കുറയുകയാണ്. മേയ് 17 മുതൽ പ്രതിദിന കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെയാണ്. ഏപ്രിൽ 28നും മേയ് നാലിനും ഇടയിൽ പ്രതിദിന കേസുകൾ 100ന് മുകളിലുള്ള ജില്ലകളുടെ എണ്ണം 531 ആയിരുന്നു. എന്നാൽ മേയ് 15 മുതൽ 21 വരെ ഇത് 431 ആയി കുറഞ്ഞു. മേയ് 3ന് 81.8 ശതമാനമായിരുന്നു രോഗമുക്തി. ഇന്നലെ ഇത് 88.7 ശതമാനമായി.
മേയ് 10ന് 37.45 ലക്ഷം പേരായിരുന്നു ചികിത്സയിൽ. ഇത് 27.20 ലക്ഷമായി കുറഞ്ഞു. പോസിറ്റിവിറ്റി നിരക്കിലും തുടർച്ചയായ കുറവുണ്ടായി. മേയ് നാലു മുതൽ 10 വരെ 21.40 ശതമാനമായിരുന്നു പോസിറ്റിവിറ്റി. മേയ് 18 മുതൽ 24വരെ 12.09 ശതമാനമായി കുറഞ്ഞു. പോസിറ്റിവിറ്റി 5 ശതമാനത്തിന് താഴെയുള്ള 92 ജില്ലകൾ മാത്രമായിരുന്നു മേയ് ഏഴിന് രാജ്യത്തുണ്ടായിരുന്നു. മേയ് 21ന് ഇത് 197 ആണ്. 18നും 44 ഇടയിലുള്ള ഒരു കോടി പേർക്ക് വാക്‌സിൻ നൽകിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.