randeep-guleriya

യു.പിയിൽ യെല്ലോ ഫംഗസ് കണ്ടെത്തി

ന്യൂഡൽഹി: കൊവിഡ് ഭേദമാകുന്നവരിലും രോഗമുക്തരായവരിലും കണ്ടുവരുന്ന മ്യൂക്കർമൈകോസിസ് പൂപ്പൽ രോഗ ബാധയെ നിറങ്ങളുടെ അടിസ്ഥാനത്തിൽ വിശേഷിപ്പിക്കുന്നത് തെറ്റിദ്ധാരണയും ആശയക്കുഴപ്പവുമുണ്ടാക്കുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ഒരേ ഫംഗസിനെ വ്യത്യസ്ത നിറങ്ങളുടെ പേരിൽ വിശേഷിപ്പിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും.

മ്യൂക്കർമൈകോസിസിനെക്കുറിച്ച് പറയുമ്പോൾ ബ്ലാക്ക് ഫംഗസ് എന്ന പദം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. 90 - 95 ശതമാനം മ്യൂക്കോർമൈകോസിസ് രോഗികളും പ്രമേഹരോഗികളും അതിനുള്ള സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നവരുമാണ്. അതിനാൽ ഫംഗസ്

ബാധിക്കുന്ന ശരീര ഭാഗങ്ങൾക്കനുസരിച്ച് നിറങ്ങളിലും വ്യത്യാസം വരാമെന്ന് അദ്ദേഹം വ്യക്തമാക്കി. യു.പിയിലെ ഗാസിയാബാദിൽ 45കാരന് യെല്ലോ ഫംഗസ് കണ്ടെത്തിയതായുള്ള മാദ്ധ്യമവാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മ്യൂക്കർ മൈകോസിസ് പകർച്ചവ്യാധിയല്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരില്ല. കൊവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കാമെന്നതിന് സൂചനകളൊന്നുമില്ലെന്നും ഗുലേറിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മ്യൂക്കർമൈകോസിസ് (ബ്ലാക്ക് ഫംഗസ്), കാൻഡിഡ, അസ്‌പെർഗില്ലോസിസ് തുടങ്ങിയവയാണ് സാധാരണ കൂടുതലായി കാണുന്ന പൂപ്പൽരോഗബാധകൾ. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇവ കാണുന്നത്. വായ്ക്കുള്ളിലും സ്വകാര്യഭാഗങ്ങളിലും വെള്ളപാടുകളാണ് കാൻഡിഡയുടെ ലക്ഷണം. ശ്വാസകോശത്തെ ബാധിക്കുന്നതാണ് അസ്‌പെർഗില്ലോസിസ്. ഇവ ശ്വാസകോശത്തിന് കേടുപാടുകളുണ്ടാക്കാം.

കൾച്ചർ ചെയ്യുമ്പോൾ വെളുത്ത പൂപ്പൽ മേഖലകളിൽ കറുത്ത പൊട്ടുകളുടെ സാന്നിദ്ധ്യമാണ് മ്യൂക്കർമൈക്കോസിസിനെ ബ്ലാക്ക്ഫംഗസ് എന്ന് വിളിക്കാൻ കാരണം. സൈനസിലാണ് സാധാരണയായി ഇവ കാണുന്നത്. തലച്ചോറിലേക്കും വ്യാപിക്കും. ശ്വാസകോശത്തിലും കാണപ്പെടാം. മുഖത്തിന്റെ ഒരു ഭാഗത്ത് നീർവീക്കം, തലവേദന, മൂക്കടപ്പ്, വായ്ക്കുള്ളിൽ മുകൾഭാഗത്തോ, മൂക്കിനുള്ളിലോ കറുത്ത മുറിപ്പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ.
രോഗം ആഴ്ചകളോളം നീണ്ടുനിൽക്കാം. കൊവിഡ് രോഗികൾക്കൊപ്പമല്ലാതെ ഇവർക്ക് പ്രത്യേകമായ ചികിത്സയാണ് ആശുപത്രികളിൽ നൽകേണ്ടത്.

ശുചിത്വം ശരിയായി പാലിക്കണം. ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഉപയോഗിക്കുന്നവർ ഹ്യുമിഡിറ്റി ഫൈയർ തുടർച്ചയായി വൃത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

 ഹർജി ഇന്ന് പരിഗണിക്കും

ബ്ലാക്ക് ഫംഗസ് മഹാമാരിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. ഹർജി ഇന്ന് ജസ്റ്റിസുമാരായ ഡി.എൻ. പട്ടേൽ,​ ജ്യോതി സിംഗ് എന്നിരുൾപ്പെട്ട ബെഞ്ച് പരിഗണിക്കും.