congress-toolkit-case

ന്യൂഡൽഹി: ടൂൾ കിറ്റ് വിവാദത്തിൽ കോൺഗ്രസും ബി.ജെ.പിയും പരസ്പരം പോരടിക്കുന്നതിനിടെ രണ്ട് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്. ബി.ജെ.പി വക്താവ് സംബീത് പാത്രക്കെതിരെ പരാതി നൽകിയ രാജീവ് ഗൗഡയ്ക്കും രോഹൻ ഗുപ്തയ്ക്കുമാണ് നോട്ടീസ് അയച്ചത്. ഇരുവരുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം.

എന്നാൽ പരാതി ഛത്തീസ്ഗഢ് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവരുമായി സഹകരിച്ചോളാമെന്നും ഡൽഹി പൊലീസിന് മറുപടി നൽകിയതായി രാജീവ് ഗൗഡ പറഞ്ഞു. സംബീത് പാത്ര വ്യാജ ടൂൾ കിറ്റ് പങ്കുവയ്ക്കുകയും കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നായിരുന്നു കോൺഗ്രസിന്റെ പരാതി.

ഇതിനിടെ ബി.ജെ.പി നേതാക്കളുടെ ട്വീറ്റുകളിൽ 'മാനിപുലേറ്റഡ് മീഡിയ' ടാഗ് ചേർക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ട്വിറ്ററിന് കത്തയച്ചു. സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവരുൾപ്പടെ 11 കേന്ദ്രമന്ത്രിമാരുടെ പോസ്റ്റുകളിൽ ടാഗ് ചേർക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വ്യാജവും കെട്ടിച്ചമച്ചതുമായ രേഖകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് 11 കേന്ദ്ര മന്ത്രിമാർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല, ട്വിറ്ററിന്റെ ലീഗൽ പോളിസി ട്രസ്റ്റ് ആൻഡ് സേഫ്റ്റിയുടെ ലീഡ് വിജയ ഗദ്ദേ, ഡെപ്യൂട്ടി ജനറൽ കൗൺസിലും വൈസ് പ്രസിഡന്റുമായ ജിം ബേക്കർ എന്നിവർക്ക് കത്തെഴുതിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാൻ കോൺഗ്രസ് ടൂൾ കിറ്റ് ഉപയോഗിച്ചുവെന്ന് സംബീത് പാത്ര ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇതിന്റെ ചിത്രവും പങ്കുവച്ചു. എന്നാൽ സംബീതിന്റെ രേഖകൾക്ക് 'മാനിപുലേറ്റഡ് മീഡിയ' എന്ന ടാഗാണ് ട്വിറ്റർ നൽകിയത്.

സത്യം ഭയമില്ലാതെ തുടരും: രാഹുൽ ഗാന്ധി

ബി.ജെ.പിയുടെ ടൂൾ കിറ്റ് ആരോപണത്തിനെതിരെ ട്വിറ്ററിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. 'സത്യം ഭയമില്ലാതെ തുടരും' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ടൂൾകിറ്റ് ഹാഷ്‌ടാഗും ഒപ്പമുണ്ടായിരുന്നു.

ബി.ജെ.പി വക്താവ് സംബീത് പാത്ര പങ്കുവച്ച ടൂൾകിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം ട്വിറ്റർ ഇന്ത്യയുടെ ഡൽഹിയിലെയും ഗുരുഗ്രാമിലെയും ഓഫീസിൽ കഴിഞ്ഞദിവസം എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ലഡോ സാരായിലെയും ഗുരുഗ്രാമിലെയും ട്വിറ്റർ ഓഫീസിലെത്തി പൊലീസ് അന്വേഷണം നടത്തി. എന്നാൽ ട്വിറ്റർ ഇന്ത്യയുടെ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സംബീത് പാത്ര പങ്കുവച്ച ചിത്രം തെറ്റാണെന്ന് സൂചിപ്പിക്കുന്നതെന്ന് വിശദമാക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.