s-jayasanker

ന്യൂഡൽഹി: രാജ്യത്ത് വാക്സിൻ ക്ഷാമം തുടരുന്നതിനിടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യു.എസിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ തുടങ്ങി. യു.എസിൽ നിന്ന് കൂടുതൽ വാക്സിൻ ഡോസുകൾ ഇന്ത്യയ്ക്ക് ലഭ്യമാക്കാൻ അദ്ദേഹം സമ്മർദ്ദം ചെലുത്തും. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനെയും ജയശങ്കർ കാണുന്നുണ്ട്. വാക്‌സിൻ ക്ഷാമമുള്ള രാജ്യങ്ങൾക്കായി ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയുടെ 2 കോടി ഡോസുകൾ ജൂൺ അവസാനത്തോടെ അയയ്ക്കാൻ യു.എസ് തീരുമാനിച്ചിരുന്നു. ഇതിൽ പരമാവധി വാക്‌സിൻ ഡോസുകൾ ഇന്ത്യയ്ക്ക് ലഭ്യമാക്കാനാവശ്യമായ ഇടപെടലുകൾ നടത്തമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മോഡേണ, ഫൈസർ വാക്സിനുകൾ ബുക്ക് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏറെ പിന്നിലാണുള്ളതെന്നും രണ്ടു വാക്സിനുകളുടെയും 2023 വരെയുള്ള ബുക്കിംഗ് പൂർത്തിയായതായും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ഫൈസർ, മൊഡേണ വാക്സിനുകൾ ലഭിക്കുന്നതിനായി ഇന്ത്യയ്ക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും. 28 വരെയാണ് ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസിനെയും അദ്ദേഹം സന്ദർശിക്കും.