
ന്യൂഡൽഹി: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അലോപ്പതി ഡോക്ടർമാരെ അവഹേളിക്കുന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 1000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉത്തരാഖണ്ഡ് സെക്രട്ടറി, യോഗാ ഗുരു ബാബാ രാംദേവിന് നോട്ടീസ് അയച്ചു. രാംദേവിന്റെ പ്രസ്താവന സംസ്ഥാനത്തെ 2000ത്തോളം അലോപ്പതി ഡോക്ടർമാരുടെ യശസിനെ കളങ്കപ്പെടുത്തുന്നതാണ്. അത് പിൻവലിച്ച് മാപ്പെഴുതി നൽകിയില്ലെങ്കിൽ ഒരോരുത്തർക്കും 50 ലക്ഷം വച്ച് ആയിരം കോടി രൂപ മാനനഷ്‌ടമായി നൽകണമെന്നാണ് ഐ.എം.എ സെക്രട്ടറി അജയ് ഖന്ന അയച്ച നോട്ടീസിൽ പറയുന്നത്. പ്രസ്താവനകൾ തെറ്റാണെന്ന വീഡിയോ സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.
രാംദേവിന്റെ കമ്പനിയായ പതജ്ഞലിയുടെ കൊറോനിൽ മരുന്ന് കൊവിഡിന് ഫലപ്രദമാണെന്ന് പറയുന്ന പരസ്യം പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു.
രാംദേവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കൊവിഡ് ചികിത്സയ്ക്ക് നൽകുന്ന അലോപ്പതി മരുന്ന് കഴിച്ചാണ് ലക്ഷങ്ങൾ മരിച്ചതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോ ക്ളിപ്പിൽ രാംദേവ് പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഇടപെട്ട് അത് പിൻവലിപ്പിച്ചു. അതിന് പിന്നാലെയാണ് ഐ.എം.എയ്ക്കെതിരെ ട്വിറ്ററിലൂടെ നിരവധി ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചത്. രക്തസമ്മർദ്ധം, പ്രമേഹം എന്നിവ ചികിത്സിച്ച് മാറ്റാനും, വാർദ്ധക്യം തടയാനും രക്തത്തിലെ ഹീമോഗ്ളോബിൻ അളവ് കൂട്ടാനും അലോപ്പതിയിൽ മരുന്ന് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് രാംദേവ് ചോദിച്ചിരുന്നു.