ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തികളിൽ ആരംഭിച്ച സമരം ആറാം മാസത്തിലേക്ക് കടന്നതിന്റെ പശ്ചാത്തലത്തിൽ കർഷകർ രാജ്യവ്യാപകമായി കരിദിനം ആചരിച്ചു. പ്രതിഷേധ സൂചകമായി പല സ്ഥലങ്ങളിലും കർഷകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. പഞ്ചാബിലെ വിവിധ ജില്ലകളിൽ വനിതകൾ ഉൾപ്പടെ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഡൽഹി അതിർത്തികളായ സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ കർഷകർ കരിങ്കൊടികൾ ഉയർത്തിയും പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും കോലം കത്തിച്ചും പ്രതിഷേധിച്ചു.
ഇന്നലത്തെ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കാനുള്ളതായിരുന്നുവെന്ന് ഭാരതീയ കിസാൻ യൂണിയൻ ഹരിയാന പ്രസിഡന്റ് ഗുർണാം സിംഗ് ചധൂനി പറഞ്ഞു. കർഷകരുടെ കരിദിനാചരണത്തിനും പ്രതിഷേധങ്ങൾക്കും പന്ത്രണ്ട് പ്രതിപക്ഷ കക്ഷികൾ പിന്തുണ നൽകി.
ഡൽഹി അതിർത്തിയായ ഗാസിയാബാദിലെ യു.പി ഗേറ്റിലും കർഷർ കരിദിനം ആചരിച്ചു. ഇവിടെ സമരത്തിന് നേതൃത്വം നൽകിയിരുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ചൊവ്വാഴ്ച തന്നെ കർഷകർ അവരവരുടെ ഗ്രാമങ്ങളിൽ പ്രതിഷേധിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് യു.പി ഗേറ്റിൽ കർഷകർ വലിയ തോതിൽ സംഘടിക്കാതിരുന്നതെന്ന് നേതാക്കൾ പറഞ്ഞു.