twitter-

 ഇന്ത്യയെ ആവിഷ്‌കാര സ്വാതന്ത്ര്യം പഠിപ്പിക്കേണ്ട

 ചട്ടം നടപ്പാക്കുന്നത് 3 മാസം നീട്ടണമെന്ന് ട്വിറ്റർ

ന്യൂഡൽഹി: ഇന്ത്യയെ ആവിഷ്‌കാര സ്വാതന്ത്ര്യം പഠിപ്പിക്കേണ്ടെന്നും രാജ്യത്തെ നിയമവ്യവസ്ഥ എങ്ങനെ വേണമെന്ന് ആജ്ഞാപിക്കുന്നതിനു പകരം ആ നിയമങ്ങൾ അനുസരിക്കുകയാണ് വേണ്ടതെന്നും ട്വിറ്ററിന് കേന്ദ്രസർക്കാരിന്റെ അവസാന താക്കീത്.

സാമൂഹ്യ മാദ്ധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുന്ന പുതിയ ചട്ടങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കുമെന്ന മട്ടിലുള്ള ട്വിറ്ററിന്റെ പ്രസ്താവനയ്‌ക്കാണ് കടുത്ത ഭാഷയിൽ ഐ.ടി മന്ത്രാലയത്തിന്റെ മറുപടി. ചട്ടങ്ങൾ നടപ്പാക്കുന്നത് മൂന്നുമാസത്തേക്ക് നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ട്വിറ്റർ വക്താവാണ് പ്രസ്താവന നടത്തിയത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സ്വന്തം നിലപാടുകൾ അടിച്ചേല്പിക്കാനാണ് ഒരു സാമൂഹ്യ മാദ്ധ്യമ പ്ളാറ്റ്ഫോം മാത്രമായ ട്വിറ്റർ ശ്രമിക്കുന്നതെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. വളഞ്ഞ വഴികൾ നോക്കാതെ രാജ്യത്തെ നിയമങ്ങൾ അനുസരിക്കണം. ലാഭേച്‌ഛയോടെ പ്രവർത്തിക്കുന്ന സ്വകാര്യ വിദേശ കമ്പനിയായ ട്വിറ്ററിന് ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ അധികാരമില്ല.

സംസാര സ്വാതന്ത്ര്യത്തിനും ജനാധിപത്യ നടപടികൾക്കും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. ഇവിടത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് കുറ്റവാളികൾക്ക് സുരക്ഷിത താവളമൊരുക്കുകയാണ് ട്വിറ്റർ. സാമൂഹ്യമാദ്ധ്യമ കമ്പനികളുടെ ഇന്ത്യയിലെ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പു നൽകുന്നുവെന്നും മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിലുണ്ട്.

കേന്ദ്രത്തിന്റെ കുറ്റപത്രം

 ആത്മാർത്ഥതയുണ്ടെങ്കിൽ രാജ്യത്ത് സ്വന്തമായി പരാതി പരിഹാര സംവിധാനമുണ്ടാക്കാത്തതെന്ത്?​

 വിഷയം യു.എസ് ആസ്ഥാനത്തേക്ക് വലിച്ചിഴയ്ക്കുന്നതിൽ നിന്ന് ട്വിറ്ററിന്റെ സ്ഥാർത്ഥ നിലപാട് വ്യക്തം.

 ഇന്ത്യയിൽ വലിയ വരുമാനമുണ്ടാക്കുമ്പോൾ ഇവിടെ ത്രിതല പരാതി പരിഹാര സംവിധാനം ഒരുക്കുന്നില്ല.

 ഇന്ത്യയെയും ഇന്ത്യക്കാരെയും കുറിച്ച് വ്യാജ ഉള്ളടക്കം പ്രചരിപ്പിക്കാൻ സഹായിക്കുന്നു.

 വാക്സിൻ സംബന്ധിച്ച് അനിശ്ചിതത്വം വർദ്ധിപ്പിക്കാൻ ചിലർ ട്വിറ്റർ ഉപയോഗിച്ചപ്പോൾ തടഞ്ഞില്ല.

 ലഡാക്കിന്റെ ഭൂപടം ചൈന തെറ്റായി പ്രദർശിപ്പിച്ചതിൽ നടപടിയുണ്ടായില്ല.

 വ്യക്തികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെ ട്വിറ്ററിന്റേത് സുതാര്യമല്ലാത്ത നയം.

ഡിജിറ്റൽ വാർത്താ മാദ്ധ്യമങ്ങൾക്കും ചട്ടം ബാധകം

ന്യൂഡൽഹി : ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും ത്രിതല പരാതി പരിഹാര ചട്ടക്കൂടും ഡിജിറ്റൽ വാർത്താ മാദ്ധ്യമങ്ങൾക്കും ഒ.ടി.ടി പ്ളാറ്റ്ഫോമുകൾക്കും ബാധകമാണെന്ന് കേന്ദ്രം വ്യക്തമാക്കി. എത്തിക്സ് കോഡ് പാലിക്കുന്നുണ്ടെന്ന റിപ്പോർട്ട് 15 ദിവസത്തിനകം നൽകാൻ ഡിജിറ്റൽ മീഡിയ കമ്പനികൾക്കും ആമസോൺ പോലുള്ള ഒ.ടി.ടി പ്ളാറ്റ്ഫോമുകൾക്കും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകി.

വ്യാജ വാർത്തകൾ തടയാനും സ്ത്രീകളുടെ നഗ്നതാ പ്രദർശനം, ചിത്രങ്ങളുടെ ദുരുപയോഗം തുടങ്ങിയവ സംബന്ധിച്ച പരാതികളിൽ 24 മണിക്കൂറിനകം ഉള്ളടക്കം നീക്കാനും എത്തിക്സ് കോഡിൽ വ്യവസ്ഥയുണ്ട്. പ്രസ് കൗൺസിലിന്റെ പെരുമാറ്റച്ചട്ടങ്ങൾക്കും കേബിൾ ടിവി നെറ്റ്‌വർക്ക് നിയമത്തിലെ പ്രോഗ്രാം കോഡിനും പുറമെയാണ് പുതിയ ചട്ടങ്ങൾ.