ന്യൂഡൽഹി: കൊവിഡിനെതിരെ വികസിപ്പിച്ച ആന്റിബോഡി കോക്ടെയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി തേടി സിഡസ് കാഡില ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയെ സമീപിച്ചു. രാജ്യത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് നിർമ്മാണ കമ്പനി അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മരുന്ന് രണ്ട് മോണോക്ലോണൽ ആന്റിബോഡികളുടെ മിശ്രിതമാണ്. അണുബാധയ്‌ക്കെതിരെ പോരാടാൻ ശരീരം സൃഷ്ടിക്കുന്ന സ്വാഭാവിക ആന്റിബോഡികൾക്ക് സമാനമാണിത്. മൃഗങ്ങളിൽ നടത്തിയ ആദ്യഘട്ട പരീക്ഷണങ്ങളിൽ ഇസഡ്.ആർ.സി. 3308 എന്ന മരുന്ന് ശ്വാസകോശത്തിന്റെ കേടുപാടുകൾ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ആന്റിബോഡി മിശ്രിതം സുരക്ഷിതവും രോഗികളുടെ ശരീരത്തോട് പ്രതികരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
വീർ ബയോടെക്‌നോളജി, ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈൻ എന്നിവ വികസിപ്പിച്ചെടുത്ത കോക്ടെയിൽ മിശ്രിതത്തിന് നേരത്തെ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയിരുന്നു. റെജെനെറോൺ ഫാർമസ്യൂട്ടിക്കൽസ്, എലി ലില്ലി എന്നിവർ ചേർന്ന് നിർമ്മിച്ച റെജെനെറോൺ ആൻഡ് റൊച്ചെസ് ആന്റിബോഡി കോക്ടെയ്‌ലിന് അമേരിക്കയിലും ഇന്ത്യയിലും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. മരുന്ന് നിർമാണ കമ്പനിയായ സിപ്ലയാണ് ഇത് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യ ബാച്ച് ഈ ആഴ്ചയോടെ ഇന്ത്യയിൽ ലഭിച്ചു.