ന്യൂഡൽഹി: ഇന്ത്യയിൽ പടരുന്ന കൊവിഡ് ബി.1.617 വകഭേദത്തെ പ്രതിരോധിക്കാൻ ഫൈസർ വാക്സിന് കഴിയുമെന്നും 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നൽകാനാകുമെന്നും നിർമ്മാതാക്കൾ കേന്ദ്രസർക്കാരിനെ അറിയിച്ചു. നിയമബാദ്ധ്യതയിൽ നിന്ന് പരിരക്ഷ നൽകണമെന്നും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ യു.എസ് കമ്പനിയായ ഫൈസർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ ബി.1.617 വകഭേദത്തിനെതിരെ ഫൈസർ വളരെ ഫലപ്രദമാണെന്നും മൈനസ് 2-8 താപനിലയിൽ ഒരു മാസം വരെ സൂക്ഷിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. വാക്സിൻ ഉപയോഗത്തെ തുടർന്ന് കേസുണ്ടായാൽ നഷ്‌ടപരിഹാരം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ നിയമസംരക്ഷണം നൽകണമെന്നും കമ്പനി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിബന്ധനകൾ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ ജൂലായ്-ഒക്‌ടോബർ മാസത്തിൽ അഞ്ചു കോടി ഡോസുകൾ ഇന്ത്യയിൽ വിതരണം ചെയ്യും.
നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡ്, കൊവാക്സിൻ, സ്‌പുട്നിക് വി എന്നിവയ്‌ക്കൊന്നും നിയമസംരക്ഷണമില്ല. 12വയസിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാമെന്നത് കമ്പനി നേട്ടമാക്കി ഉയർത്തിക്കാട്ടുന്നു. മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെ കൊവിഡ് ബാധിക്കുമെന്ന നിഗമനം ചൂണ്ടിക്കാട്ടിയാണ്ഫൈസറിന്റെ നീക്കം. ഇന്ത്യയിൽ ലഭ്യമായ മറ്റ് വാക്സിനുകൾ 18വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് നൽകുന്നത്.