tarun-thejpal-case

ന്യൂഡൽഹി: പീഡനക്കേസിൽ തെഹൽക സ്ഥാപകൻ തരുൺ തേജ്പാലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയിൽ നിന്ന് ഇരയുടെ വ്യക്തിവിവരങ്ങൾ നീക്കം ചെയ്യാൻ ഗോവ സെഷൻസ് കോടതിക്ക് ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശം. വിചാരണക്കോടതിയുടെ വിധിയും നടത്തിയ ചില നിരീക്ഷണങ്ങളും ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഇരയുടെ മാത്രമല്ല, അമ്മയുടെയും ഭർത്താവിന്റെയും പേര് വരെ അതിൽ പരാമർശിക്കുന്നുവെന്നും ഗോവ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. വിധിയിൽ ഇരയുടെ ഇ-മെയിൽ വരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

ഇരയുടെ പെരുമാറ്റരീതിയെ കുറിച്ച് നടത്തിയ പരാമർശം അവരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുമെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്ന കേസിലാണ് 2013ൽ തരുൺ തേജ്പാൽ അറസ്റ്റിലായത്. ഗോവയിൽ നടന്ന തെഹൽകയുടെ പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കഴിഞ്ഞയാഴ്ചയാണ് കോടതി തേജ്പാലിനെ കേസിൽ വെറുതെ വിട്ടത്. തേജ്പാലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തള്ളിക്കൊണ്ടാണ് 527 പേജുള്ള വിധി വന്നത്.

തേജ്പാലിനെ വെറുതെ വിട്ടത് ഗോവ സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്. അപ്പീലിൽ തിരുത്തലുകൾ വരുത്തുന്നതിന് അവധിക്കാല ബെഞ്ച് മൂന്നു ദിവസത്തെ സാവകാശം നൽകി. അപ്പീൽ ജൂൺ രണ്ടിന് പരിഗണിക്കും.