covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നൽകി ഇന്നലെ പ്രതിദിന രോഗവർദ്ധന രണ്ടുലക്ഷത്തിന് താഴെയായി. ഇന്നലെ 1,86,364 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 3,​660 പേർ കൊവിഡിന് കീഴടങ്ങി.

കഴിഞ്ഞ പന്ത്രണ്ട് ദിവസമായി പ്രതിദിന കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്. 20,70,508 പരിശോധനകൾ നടന്നപ്പോഴാണ് 1,86,364 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 9 ശതമാനമാണ് പ്രതിദിന പോസി​റ്റിവി​റ്റി നിരക്ക്.

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 23,43,152 ആയി കുറഞ്ഞു. ഇന്നലെ രാവിലെ വരെ 2,59,459 പേർ രോഗ മുക്തരായി. തുടർച്ചയായി 15-ാം ദിവസവും പ്രതിദിന രോഗമുക്തി നേടിയവരുടെ എണ്ണം പ്രതിദിന പുതിയ കേസുകളെക്കാൾ കൂടുതലാണ്. 90.34 ശതമാനമാണ് രോഗമുക്തി നിരക്ക്.