cash1

ന്യൂഡൽഹി: കൊവിഡിനുള്ള വാക്സിൻ, പരിശോധനാ കിറ്റ്, ഓക്സിജൻ കോൺസെൻട്രേറ്റർ, മരുന്ന് തുടങ്ങിയവയുടെ ജി.എസ്.ടി ഒഴിവാക്കുന്നത് സംബന്ധിച്ച് ശുപാർശ സമർപ്പിക്കാൻ ജി.എസ്.ടി കൗൺസിൽ മന്ത്രിതല ഉപസമിതി രൂപീകരിച്ചു. ജൂൺ എട്ടിന് മുൻപ് സമിതി റിപ്പോർട്ട് സമർപ്പിക്കണം.താമസിയാതെ തീരുമാനമെടുക്കും. കൊവിഡുമായി ബന്ധപ്പെട്ട സാമഗ്രികളുടെ ജി.എസ്.ടി പൂർണമായും ഒഴിവാക്കണമെന്ന് കേരളം,രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, തമിഴ്നാട്, പശ്ചിമബംഗാൾ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.കൊവിഡിനെ തുടർന്ന് ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നലെ ജി.എസ്.ടി കൗൺസിൽ ചേർന്നത്. വീഡിയോ കോൺഫറൻസ് ആയിരുന്നു.

മറ്റു തീരുമാനങ്ങൾ

# മ്യൂക്കോർമൈകോസിസ്(ബ്ളാക്ക് ഫംഗസ്) രോഗത്തിനുള്ള ആംഫോടെറിസിൻ ബി മരുന്നിനും ഇറക്കുമതി ഇളവ്

# കൊവിഡ് ചികിത്സാ സാമഗ്രികളുടെ ഇറക്കുമതി ഇളവ് (ഐ.ജി.എസ്.ടി) ആഗസ്റ്റ് 31വരെ തുടരും.

# ജി.എസ്.ടി കാരണമുള്ള സംസ്ഥാനങ്ങളുടെ വരുമാനനഷ്‌ടം നികത്താൻ 1.58 കോടി രൂപയുടെ വായ്പ ലഭ്യമാക്കും

# അഞ്ചു കോടിയിൽ താഴെ വരുമാനമുള്ളവർക്ക് വാർഷിക

റിട്ടേൺ ഫയൽ ചെയ്യാൻ അവസരം തുടരും.

# റിട്ടേൺ സമർപ്പിക്കുന്നതിന്

ചെറുകിട കച്ചവടക്കാർക്ക് ഇളവും തുടരും.

കേരളത്തിന് കിട്ടാൻ

4,077 കോടി

തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് 4,077 കോടി രൂപ കിട്ടാനുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം അഞ്ചു വർഷത്തേക്ക് കൂടി നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ ജി.എസ്.ടി ഉൾപ്പെടുത്തരുതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. പൂരിത ആൾക്കഹോൾ ഉൾപ്പെടെയുള്ളവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെയും കേരളം എതിർത്തു.കൊവിഡ് രണ്ടാം തരംഗം വന്നതോടെ സംസ്ഥാനം വീണ്ടും പ്രതിസന്ധിയിലാവും. ഇനി എന്തുവരുമാന മാർഗം വേണമെന്ന കാര്യത്തിൽ ആലോചന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.