ന്യൂഡൽഹി: ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ കേസിൽ പ്രമുഖ ഹോട്ടൽ വ്യവസായി നവനീത് കൽറയ്ക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയും ആൾജാമ്യത്തിലുമാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അരുൺ കുമാർ ഗാർഗ് ജാമ്യം അനുവദിച്ചത്. ഒരാഴ്ച മുമ്പ് നവനീതിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഹോട്ടലുകളിൽ നിന്ന് അഞ്ഞൂറിലധികം ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയും ഓൺലൈൻ വഴിയും ഉയർന്നവിലയ്ക്കാണ് നവനീതും സംഘവും ഇവ വിറ്റിരുന്നത്.