മൻ കീ ബാത്തിൽ മുന്നണിപ്പോരാളികളുമായി സംവദിച്ച് മോദി
ന്യൂഡൽഹി: സർക്കാരും ജനങ്ങളും എന്നതിനെക്കാൾ 'ടീം ഇന്ത്യ'യായി പ്രവർത്തിച്ചതാണ് കഴിഞ്ഞ ഏഴുവർഷം മാറ്റങ്ങൾ സൃഷ്‌ടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിപദത്തിൽ ഏഴു വർഷം പൂർത്തിയാക്കിയ ഇന്നലെ മൻ കീ ബാത്ത് റേഡിയോ പ്രഭാഷണത്തിലാണ് മോദിയുടെ അഭിമാനവചനം.
ഏഴുവർഷം സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായിരുന്നു. രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ ഓരോ പൗരനും പങ്കു വഹിച്ചു. വിജയങ്ങൾക്കൊപ്പം പരീക്ഷണങ്ങളും നേരിട്ടു. ബുദ്ധിമുട്ടേറിയ പരീക്ഷകളിൽ വിജയിച്ചു. കൊവിഡ് വലിയ പരീക്ഷണമായി തുടരുന്നു. വലിയ രാജ്യങ്ങൾ പോലും അതിജീവിക്കാൻ പ്രയാസപ്പെടുമ്പോൾ ആദ്യ തരംഗത്തിലെന്ന പോലെ കടുത്ത പോരാട്ടത്തിലൂടെ രണ്ടാം വരവിലും വൈറസിനെ ഇന്ത്യ നിയന്ത്രിക്കുന്നു.
വലിയ പ്രതിസന്ധിയിലും കാർഷിക മേഖലയിൽ റെക്കാഡ് ഉത്പാദനമുണ്ടായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 80 കോടി ദരിദ്രർക്ക് സൗജന്യറേഷൻ നൽകുന്നു. 70 വർഷത്തിനു ശേഷം ആദ്യമായി വൈദ്യുതി ലഭിച്ച ഗ്രാമങ്ങളും പുതിയ റോഡുകൾ ലഭിച്ച ഗോത്ര പ്രദേശങ്ങളും ബാങ്ക് അക്കൗണ്ട് തുറന്നവരും ജോലി ലഭിച്ചവരും നന്ദി പ്രകാശിപ്പിക്കുന്നുണ്ട്. കൊവിഡ് കാലത്ത് ഡിജിറ്റൽ ഇടപാടുകൾ പുതിയ ദിശ കാട്ടി. രാജ്യത്തിന്റെ പല തർക്കങ്ങളും പരിഹരിച്ചു.
ജീവൻ മറന്ന് ജോലി ചെയ്ത ഡോക്‌ടർമാർ, നഴ്‌സുമാർ തുടങ്ങി മുന്നണിപ്പോരാളികളുടെ ദൃഢനിശ്ചയം കൊവിഡ് വ്യാപനം ചെറുക്കാൻ സഹായകമായി. വിദൂര പ്രദേശങ്ങളിൽ ഓക്സിജൻ എത്തിച്ച ടാങ്കർ ഡ്രൈവർമാരെയും ഓക്‌സിജൻ എക്‌സ്‌പ്രസ് ലോക്കോ പൈലറ്റുമാരെയും എയർഫോഴ്‌സ് പൈലറ്റുമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. യു പിയിലെ ഓക്‌സിജൻ ടാങ്കർ ഡ്രൈവർ ദിനേശ് ഉപാദ്ധ്യായ, ഓക്സിജൻ എക്സ്‌പ്രസിന്റെ വനിതാ ലോക്കോ പൈലറ്റ് ശിരിഷ ഗജ്‌നി, വിദേശത്തു നിന്ന് ഓക്‌സിജൻ കോൺസെൻട്രേറ്റർ, ക്രയോജനിക് ടാങ്കറുകൾ എന്നിവ കൊണ്ടുവന്ന വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ പട്‌നായിക്, മകൾ അദിതി തുടങ്ങിയവരുടെ അനുഭവങ്ങൾ മോദി ചോദിച്ചറിഞ്ഞു. ഡൽഹിയിലെ ലാബ് ടെക്‌നീഷ്യൻ പ്രകാശ് കാണ്ട്പാലുമായും സംസാരിച്ചു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.