ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി കേന്ദ്രസർക്കാർ പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് നൽകുന്ന 10 ലക്ഷം രൂപയുടെ പ്രത്യേക പാക്കേജിന് അർഹരായി രാജ്യത്ത് 577 കുട്ടികൾ. ഇവരുടെ ക്ഷേമത്തിന് പദ്ധതി ആവിഷ്കരിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് കേന്ദ്രസർക്കാർ പാക്കേജ് കൊണ്ടുവന്നത്.
കൊവിഡും ലോക്ക്ഡൗണും അനാഥരാക്കിയ ഒരു കുട്ടിയും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവുവും അനിരുദ്ധ ബോസും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. കോടതി സ്വമേധയാ എടുത്ത കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി 10 ലക്ഷം നൽകുമെന്ന് പ്രഖ്യാപിച്ചത്.
2020 ഏപ്രിൽ ഒന്നിനും 2020 മേയ് 25നും ഇടയിൽ 577 കുട്ടികൾ കൊവിഡ് മൂലം അനാഥരായെന്നാണ് കണക്ക്. ഇവരുടെ വിവരങ്ങൾ ദേശീയ ബാലാവകാശ കമ്മിഷന്റെ 'ബാൽ സ്വരാജ്' പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവർക്ക് 18 വയസാകുമ്പോൾ സ്റ്റൈപ്പൻഡായും 23-ാം വയസിൽ തുക പൂർണമായും നൽകുന്ന വിധത്തിലാണ് പാക്കേജ്. കോടതി നിർദ്ദേശ പ്രകാരം കുട്ടികൾക്ക് സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസവും യൂണിഫോം, ഫീസ്, പുസ്‌തകം തുടങ്ങിയവയും സൗജന്യമായിരിക്കും. ഉന്നതവിദ്യാഭ്യാസത്തിന് വായ്പയും അഞ്ചുലക്ഷം രൂപയുടെ ആയുഷ്‌മാൻ ഭാരത് ഇൻഷ്വറൻസും പ്രഖ്യാപിച്ചിട്ടുണ്ട്.