sc-of-india

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ മാന്യമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ത്രിതല സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ബിഹാറിലും ഉത്തർപ്രദേശിലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പുഴയിൽ അലക്ഷ്യമായി ഒഴുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.

മൃതദേഹങ്ങൾ മാന്യമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന സമിതി വേണമെന്നാണ് ഹർജിക്കാരനായ വിനീത് ജിൻഡാലിന്റെ ആവശ്യം. നദീതീരങ്ങളിൽ അശാസ്ത്രീയമായ രീതിയിൽ ശവസംസ്കാരം നടത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്. അശാസ്ത്രീയമായി സംസ്കരിച്ചതും നദികളിൽ ഒഴുക്കിയതുമായ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ പറയുന്നു.