ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള സെൻട്രൽ വിസ്ത പദ്ധതി നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പരാതിക്കാർ ഗൂഢമായ ഉദ്ദേശ്യത്തോടെയാണ് ഹർജി ഫയൽ ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതിന് ഒരു ലക്ഷം രൂപ പിഴയും ഹർജിക്കാർക്ക് വിധിച്ചു.
''നിർമ്മാണപ്രവർത്തനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം തയ്യാറാക്കിയ ടെന്റുകളിൽ അതേ സൈറ്റിൽ തന്നെയാണ് താമസിക്കുന്നത്. അതിനാൽ തൊഴിലാളികൾക്കിടയിലും പുറത്തും കൊവിഡ് വ്യാപനമുണ്ടാകുമെന്ന ആരോപണം അർത്ഥശൂന്യമാണ്. സംസ്ഥാനത്തെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്ന് ഡൽഹി ദുരന്ത നിവാരണ അതോറിട്ടി (ഡി.ഡി.എം.എ) നിർദ്ദേശം നൽകിയിട്ടില്ല. സെൻട്രൽ വിസ്റ്റ പദ്ധതിക്ക് സുപ്രീംകോടതി തന്നെ അനുമതി നൽകിയതാണ്. സമയബന്ധിതമായി ഈ നവംബറോടെ നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
സാമൂഹ്യ പ്രവർത്തകരായ സുഹൈൽ ഹാഷ്മി, അന്യ മൽഹോത്ര എന്നിവരാണ് കോടതിയെ സമീപിച്ചത്. കൊവിഡ് വ്യാപനകാലത്ത് രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ സെൻട്രൽ വിസ്റ്റ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നായിരുന്നു വാദം. നിർമ്മാണത്തെ അവശ്യസേവന വിഭാഗത്തിൽപ്പെടുത്തിയതിനെയും ചോദ്യം ചെയ്തിരുന്നു.
സെൻട്രൽ വിസ്തയ്ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നു: കേന്ദ്രം
സ്വന്തം ലേഖകൻ
പ്രധാനമന്ത്രിയുടെ വസതിക്ക് അനുമതിയായിട്ടില്ല
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം അടക്കമുള്ള സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ച് തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. പദ്ധതി ആഡംബരത്തിനായല്ല, അനിവാര്യമായതിനാലാണ് നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയുടെ ഡിസൈനിന് അനുമതിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ മാസങ്ങളായി തെറ്റായ വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കാരും മറ്റുള്ളവരും പദ്ധതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരവും സെൻട്രൽ വിസ്ത വിപുലീകരണവും അടങ്ങിയ 1300 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമിട്ടത്. പ്രധാനമന്ത്രിയുടെ വസതി ഇതിലുൾപ്പെടുന്നില്ല. പുതിയ പാർലമെന്റ് മന്ദിരത്തിന് 860 കോടിയും സെൻട്രൽ വിസ്ത അവന്യൂ നിർമ്മാണത്തിന് 477 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മഹാമാരി സമയത്ത് 20,000 കോടിയുടെ പാഴ്ചെലവാണ് നടത്തുന്നതെന്നും മറ്റുമാണ് പ്രചാരണം. സെൻട്രൽ വിസ്ത പദ്ധതിക്കായി പഴയ കെട്ടിടങ്ങളോ, ചരിത്രസ്മാരകങ്ങളോ, സ്മാരകങ്ങളോ പൊളിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. സെൻട്രൽ വിസ്ത പദ്ധതിക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ മന്ത്രി സ്വാഗതം ചെയ്തു.