suprem-court

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് പരിധി നിശ്ചയിക്കാൻ സമയമായെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്. കൊവിഡ് പ്രതിരോധത്തിൽ ആന്ധ്ര സർക്കാറിന്റെ നടപടികളെ വിമർശിച്ച വൈ.എസ്.ആർ കോൺഗ്രസ് വിമത എം.പിയായ കാനുമുരി രഘുരാമ കൃഷ്ണ രാജുവിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തതിന് ടി.വി-5, എ.ബി.എൻ ആന്ധ്ര ജ്യോതി എന്നീ തെലുങ്ക് ചാനലുകൾക്കെതിരെ ആന്ധ്ര സർക്കാർ ചുമത്തിയ രാജ്യദ്രോഹ നടപടി സ്റ്റേ ചെയ്തുകൊണ്ടാണ് പരാമർശം. കേസിൽ അടുത്ത വാദം കേൾക്കുന്നതുവരെയാണ് സ്റ്റേ.

'' ആന്ധ്ര പൊലീസ് എഫ്.ഐ.ആറിലൂടെ പ്രഥമദൃഷ്ട്യാ മാദ്ധ്യമ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള ശ്രമമാണ് നടത്തിയത്. മാദ്ധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ സംബന്ധിച്ച് ഐ.പി.സിയുടെ 124 എ (രാജ്യദ്രോഹം), 153എ (മതസ്പർദ്ധ) എന്നീ വകുപ്പുകൾക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് കരുതുന്നു. മാദ്ധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹ കേസ് എടുക്കാനുള്ള തീരുമാനം സ്വതന്ത്രമാദ്ധ്യമപ്രവർത്തനത്തെ വിലക്കുന്നതിന് തുല്യമാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് പരിധി നിശ്ചയിക്കേണ്ട സമയമാണിതെന്നും"' കോടതി വാക്കാൽ നിരീക്ഷിച്ചു.

 മൃതദേഹം പുഴയിലെറിയുന്നത് റിപ്പോർട്ട് ചെയ്താൽ രാജ്യദ്രോഹമാകുമോ?

മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ രാജ്യദ്രോഹക്കേസ് ചുമത്തുന്നതിലെ വകതിരിവില്ലായ്മയെ കോടതി പരിഹസിച്ചു. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ മാന്യമായി കൈകാര്യം ചെയ്യുന്നതിന് മാർഗനിർദ്ദേശങ്ങൾ ആവിഷ്‌കരിക്കണമെന്ന അമിക്കസ് ക്യൂറി സീനിയർ അഡ്വക്കേറ്റ് മീനാക്ഷി അറോറ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്.

ഇതിനിടെ, യു.പിയിൽ കൊവിഡ് ബാധിച്ച രോഗികളുടെ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്നതിനെക്കുറിച്ചുള്ള വാർത്ത ചാനലിൽ കണ്ടതായി ജസ്റ്റിസ് എൽ. നാഗേശ്വര റാവു പറഞ്ഞു. ഇതിന് പിന്നാലെയാണ് 'ആ വാർത്ത കാണിച്ചതിന് പ്രസ്തുത ചാനലിനെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല' എന്ന് ചന്ദ്രചൂഡ് പറഞ്ഞത്.