ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് അനിശ്ചിതത്തിലായ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം വ്യാഴാഴ്ചയ്ക്കകം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഇന്നലെ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ, രണ്ട് ദിവസം സമയം അനുവദിക്കണമെന്നും അതിനുള്ളിൽ കേന്ദ്രം അന്തിമ തീരുമാനം എടുക്കുമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്ന് വ്യക്തമാക്കി ഹർജി പരിഗണിക്കുന്നത് നീട്ടി.
അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരാണ് അഭിഭാഷക മമത ശർമ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചത്. ജൂൺ ഒന്നിന് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചിരുന്നു.