twitter

ന്യൂഡൽഹി: രാജ്യം ഒരു നിയമം നടപ്പിലാക്കിയാൽ അത് പാലിക്കാൻ രാജ്യത്തെ ജനങ്ങളും അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ബാദ്ധ്യസ്ഥരാണെന്ന് ഡൽഹി ഹൈക്കോടതി. കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ ഡിജിറ്റൽ ഗൈഡ് ലൈൻ നടപ്പാക്കാൻ ട്വിറ്റർ തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ അമിത് ആചാര്യ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രേഖ പള്ളി അദ്ധ്യക്ഷയായ ബെഞ്ചിന്റെ വിമർശനം.

ഐ.ടി നിയമം പാലിക്കാൻ ട്വിറ്റർ തയാറാവണമെന്ന് നിർദ്ദേശിച്ച കോടതി റെസിഡന്റ് ഗ്രിവൻസ് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. എന്നാൽ പുതിയ പരിഷ്‌കാരങ്ങളുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും ഈ മാസം 28ന് റെസിഡന്റ് ഗ്രിവൻസ് ഉദ്യോഗസ്ഥരെ നിയമിച്ചതായും ട്വിറ്റർ ബോധിപ്പിച്ചു. ഹർജി ജൂലായ് ആറിന് പരിഗണിക്കാനായി മാറ്റി.

ഫെബ്രുവരി 25നാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയവും നിയമമന്ത്രാലയവും ചേർന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കായി പുതിയ ഗൈഡ് ലൈൻ കൊണ്ടുവന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളടക്കം എല്ലാ സ്ഥാപനങ്ങളും ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാനും തുടർ നടപടി സ്വീകരിക്കാനുമായി പ്രത്യേക പരാതി പരിഹാരസെൽ കൊണ്ടു വരണമെന്ന് ചട്ടത്തിലുണ്ട്. ഇത് നടപ്പാക്കുന്നതിനെ ചൊല്ലി ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ ഭിന്നത ശക്തമാണ്.