കളമശേരി: 38 വർഷമായി അധികാരികളുടെ സഹായംകാത്ത് കിടക്കുകയാണ് ഏലൂർ നഗരസഭയിലെ പഞ്ചായത്ത് കോളനി.
സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം നൂറ്റിപ്പത്തോളംപേർ താമസിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. പ്ലാസ്റ്റിക് ഷീറ്റും റൂഫും ഉപയോഗിച്ചാണ് പലരുടെയും വീടിന്റെ മേൽക്കൂര. ആന്ധ്രാ കൾച്ചറൽ സൊസൈറ്റി കോൺക്രീറ്റ് കട്ടകളുടെ ഭിത്തികെട്ടിക്കൊടുത്തത് മാത്രമാണ് ആശ്രയം. ഇതിനിടയിൽ വളർത്തുമൃഗങ്ങളും. വെള്ളപ്പൊക്കം വരുമ്പോൾ മാത്രമാണ് ചിലരെങ്കിലും സഹായവുമായി വരുന്നത്.
കോളനിയിൽ ഇരുപത്താറ് കുടുംബങ്ങൾ പട്ടയമില്ലാതെയാണ് താമസിക്കുന്നതെന്നാണ് ബിരുദധാരിയായ ദേവി പറയുന്നത്. തൊട്ടടുത്ത ശ്മശാനത്തിൽ നിന്നുള്ള പുകയും മണവും ശ്വസിക്കുന്നത് ഇവിടെയുള്ളവർക്ക് ശീലമായെന്നാണ് ശ്മശാനം സൂക്ഷിപ്പുകാരനായ സുപ്രൻ പറയുന്നത് .38 വർഷം മുൻപ് പാലക്കാടുനിന്ന് പണി തേടിയെത്തി സ്ഥിരതാമസക്കാരായ രാജനും രാധയ്ക്കും പറയാനുള്ളത് പട്ടയത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യമാണ്. എല്ലാവർക്കും ആശ്രയം ഒരു പൊതു ടാപ്പാണ്. അതാണെങ്കിൽ അഴുക്കുവെള്ളവും ഓടയും ചുറ്റിപ്പറ്റി കിടക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ രാഷ്ട്രീയക്കാരും ഇവിടേക്ക് ഓടിയെത്തുന്നുണ്ടെങ്കിലും ഇത്രയും കാലമായി യാത്രൊരു വികസനവും ഇവിടെ നടപ്പാക്കിയിട്ടില്ല.