കോലഞ്ചേരി: മലബാർ വിഭവങ്ങൾ കീഴടക്കി റംസാൻ കച്ചവടം. ഒപ്പം നാടൻ വിഭവങ്ങൾക്ക് പഞ്ഞമില്ല. ഉഴുന്നുവട, ഉള്ളിവട, സമൂസ, മുളകു ബജി, മുട്ട ബജി, ഏത്തക്കായ ബോളി തുടങ്ങിയ നാടൻ ചെറു പലഹാരങ്ങൾക്കൊപ്പം കായ്‌പോള, ഉന്നക്കായ, കിളിക്കൂട്, ചട്ടിപത്തിരി, ഏലാഞ്ചി, ബൺഫില്ലിംഗ് ബനാന പാക്ക​റ്റ്, ബീഫ് കട്‌ല​റ്റ്, തരിക്കഞ്ഞി, ദുറാലി, മീനട, കോഴിയട, പഴംചുരുട്ട്, മൊട്ടപ്പത്തിരി തുടങ്ങിയ മലബാർ പലഹാരങ്ങളുടെ വില്പനയുമാണ് പൊടിപൊടിക്കുന്നത്. വഴിയോരകടകൾ മുതൽ ഹോട്ടലുകളിൽ വരെ 7 രൂപ മുതൽ 30 രൂപ വരെയുള്ള പലഹാരങ്ങൾ പാഴ്‌സലായി ലഭിക്കും. പലഹാരങ്ങൾ കൂടാതെ പത്തിരി, ഇടിയപ്പം, പൊറോട്ട, വെള്ളയപ്പം, ചപ്പാത്തി എന്നിവയ്ക്ക് ഓർഡർ ചെയ്യുന്നതനുസരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നവരും സജീവമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയ​റ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് പലഹാര വിപണി ഏറെ സഹായകരമാണ്. ഉച്ചയ്ക്കു ശേഷമാണു പലഹാരക്കച്ചവടം കൂടുതലായും നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാഴ്സൽ മാത്രം നൽകിയും വിപണനം കൊഴുക്കുമ്പോൾ കടയിൽ ഇരുത്തി കൊടുക്കാൻ കഴിയാതെ വന്നതിലുള്ള നഷ്ടം പാഴ്സലിൽ തീരുമില്ലെങ്കിലും ജീവനക്കാരുടെ ശമ്പള തുക കൈയിൽ നിന്നും എടുക്കേണ്ടി വരുന്നില്ലെന്ന ആശ്വാസവും കടയുടമകൾക്കുണ്ട്. വരുന്ന ചൊവ്വാഴ്ച മുതലുള്ള നിയന്ത്രണങ്ങൾ കച്ചവടം കുറയുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.

ശീതളപാനീയങ്ങളും സുലഭം

നോമ്പ് തുറക്ക് ശേഷം രാത്രി നമസ്‌കരിക്കാൻ എത്തുന്നവർക്ക് ക്ഷീണമക​റ്റാനുള്ള പലതരം ശീതളപാനീയങ്ങളും ഹോട്ടലുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. കുലുക്കി സർബത്ത്, ബൂസ്​റ്റ് കുലുക്കി, ഫുൾ ജാർ സോഡാ, ജിഞ്ചർ സോഡ തുടങ്ങി വിവിധ പഴം കൂട്ടുകളുടെ സർബത്തുകളും ലഭിക്കും.