ഏഴാം ക്ലാസുകാരനായ തനിക്ക് സാധിക്കുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് ആയിക്കൂട. മനുഷ്യമസ്തിഷ്കത്തിന് 40 ഭാഷകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടായിട്ടും എന്തുകൊണ്ട് നിങ്ങൾ ആ വഴി ചിന്തിക്കുന്നില്ല?
എറണാകുളം പാലാരിവട്ടത്തെ ദ വെസ്റ്റേൺ സ്പീക്കർ ഇംഗ്ലീഷ് അക്കാഡമയിൽ പഠിതാക്കളായി എത്തുന്നവർ ആദ്യം നേരിടുന്ന ചോദ്യങ്ങളാണിത്. അതിനൊരു കാരണമുണ്ട്. ഇവിടുത്തെ ഇംഗ്ലീഷ് പഠനം ഓക്സ്ഫോഡ് ശൈലിയിലാണ്. ചടുലതാളത്തിൽ നല്ല ഒഴുക്കും ഭംഗിയുമുള്ള തനി യൂറോപ്യൻ സ്ലാംഗ്. കോഴ്സ് ഡയറക്ടറും പ്രധാന പരിശീലകനുമായ കെ.വി. രമേഷ് ആണ് പഠിതാക്കളെ ഇന്റർവ്യൂ ചെയ്യുന്നത്. ആദ്യം തന്നെ സ്വയം പരിചയപ്പെടുത്തും. തന്റെ യോഗ്യത ഏഴാം ക്ലാസും കരാട്ടെയുമാണന്ന യഥാർത്ഥ്യം യാതൊരു സങ്കോചവുമില്ലാതെ തുറന്നുപറയും. അവിശ്വനസീയമായേ തോന്നു. എങ്കിലും രമേഷിന്റെ നിശ്ചയദാർഢ്യമുള്ള വാക്കുകൾ ആരെയും ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ എത്തിക്കുമെന്നതാണ് യാഥാർത്ഥ്യം. ഏഴാംക്ലാസ് പരീക്ഷകഴിഞ്ഞ് സ്കൂളിൽ പോയിട്ടില്ല. അതിനുശേഷം സംസാരസാഗരത്തിലെ ജീവിതനൗകയിലിരുന്ന് വലവീശിപ്പിടിച്ച വിജ്ഞാനമാണ് രമേഷിന്റെ തലേവര മാറ്റിമറിച്ച ഈ അദ്ധ്യായനം. അതെ, വെറും ഏഴാം ക്ലാസ് യോഗ്യതയുമായി വിദ്യാർത്ഥികളും പ്രൊഫഷണലുകളും ജനപ്രതിനിധികളും സിനിമാ നടി നടന്മാരുമുൾപ്പെടെ 5000ൽപ്പരം ആളുകളെ ഇംഗ്ലീഷ് പഠിപ്പിച്ച കെ.വി. രമേഷ് എന്ന വിശ്വഭാഷാപാണ്ഡിത്യം ഏവർക്കുമൊരു പ്രചോദനമാണ്.
ഏഴാംക്ലാസ് പരീക്ഷ കഴിഞ്ഞുള്ള മദ്ധ്യവേനൽ അവധിക്കാലത്ത് അമ്മ മരിച്ചു. അതിനുശേഷം രമേഷിന്റെ ജീവിതത്തിൽ കടന്നകൂടിയ നിസംഗത അടുത്തവർഷത്തെ സ്കൂളിൽ പോക്കിന് തടസമായി. പ്രത്യേകിച്ച് ഒരുകാര്യം പറയാനില്ല. മനസിൽ ഒരു ശൂന്യത. സ്കൂളിൽ പോകാൻ തോന്നുന്നില്ല. ഒരുപക്ഷേ, അതിരാവിലെ വച്ചുവിളമ്പിക്കൊടുക്കാൻ അമ്മയില്ലാത്തതിന്റെ ശൂന്യതയാകാം, അതല്ലെങ്കിൽ വസ്ത്രമൊക്കെ അലക്കി ഇസ്തിരിയിട്ടുകൊടുക്കാൻ ആരുമില്ലാത്തതിന്റെ നിരാശയാകാം. ഒരു ഏഴാം ക്ലാസുകാരന് നിർവചിക്കാനാവാത്തൊരു ശൂന്യത ഉണ്ടായി എന്നതുമാത്രമാണ് യാഥാർത്ഥ്യം.
പുസ്തകം വച്ച് കീഴടങ്ങുമ്പോൾ സ്കൂളിൽ പോയെ പറ്റു എന്നൊരു നിർബന്ധബുദ്ധി അച്ഛന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. അതേസമയം അഞ്ചാം ക്ലാസിൽ തുടങ്ങിയ കരാട്ടെപഠനം മുടക്കിയതുമില്ല. അത്രക്ക് പാഷനായിരുന്നു കരാട്ടെ. സ്കൂളിൽ പോക്ക് നിറുത്തിയതോടെ ഭാവിയിലേക്ക് നോക്കിയപ്പോൾ മനസിൽ തെളിഞ്ഞത് കൂലിപ്പണി മാത്രം. ഇഷ്ടിക നിർമാണം, മണലുവാരൽ, കെട്ടിടം പണി, സ്വർണപ്പണി തുടങ്ങി തനിക്കുസാധിക്കും എന്നു തോന്നിയതൊക്കെ പരീക്ഷിച്ചു. അതിനിടെ കരാട്ടെയിൽ ഗ്രേഡ് കൂടിയപ്പോൾ മാസ്റ്റർക്കുമുമ്പിൽ വരുന്ന നവാഗതരെ പരിശീലിപ്പിക്കാനുള്ള ചുമതല കിട്ടി. മെല്ലമെല്ലെ പൂർണചുമതലയുള്ള മാസ്റ്ററായി. കൂലിപ്പണിക്കാരനിൽ നിന്നൊരു പ്രമേഷനായിരുന്നു അത്. കൊച്ചിയിലെ സി.ബി.എസ്.ഇ സ്കൂളിലും ക്ലബ്ബുകളിലും ഫ്ലാറ്റിലുമൊക്കെ ക്ലാസെടുക്കാൻ അവസരമുണ്ടായി. അവിടുത്തെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും 'ആഷ് പുഷ് " ഇംഗ്ലീഷിനൊപ്പം പിടിച്ചുനിൽക്കാൻ ഏഴാംക്ലാസ് മലയാളംകൊണ്ട് രക്ഷയില്ലെന്ന് മനസിലായപ്പോൾ ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിച്ചു. കൊച്ചിയിൽ അറിയപ്പെട്ടിരുന്ന ഇംഗ്ലീഷ് അക്കാഡമിയായ എഡിസൻ ഫ്രാൻസിസിന്റെ ഇംഗ്ലീഷ് കോഴ്സിൽ ചേർന്നു. ആത്മാർത്ഥമായ അദ്ധ്യയനത്തിലൂടെ മികവ് തെളിയിച്ച ശിഷ്യന് ഗുരുവിനൊപ്പം നാലുവർഷം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. അതിനിടെ ജനസേവ ശിശുഭവനിൽ പ്യൂൺ പോസ്റ്റിലേക്ക് ഇന്റർവ്യു ചെയ്യപ്പെട്ടെങ്കിലും വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ തള്ളപ്പെട്ടു. എഡിസൻ മാഷിന്റെ അക്കാഡമിയിൽ പരിശീലകൻ ആയതോടെ ഇംഗ്ലീഷ് ഭാഷയുടെ അലയാഴിയും കീഴടക്കാൻ അവസരം ലഭിച്ചു. 2008 ൽ ഗുരുമുഖത്തുനിന്ന് അനുഗ്രഹം വാങ്ങിയിറങ്ങി സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. അതാണ് പാലാരിവട്ടത്തെ വെസ്റ്റേൺ സ്പീക്കർ ഇംഗ്ളീഷ് അക്കാഡമി. ഇന്ന് ഒരുവ്യാഴവട്ടം പിന്നിട്ടപ്പോഴേക്കും കെ.വി. രമേഷ് എറണാകുളത്തെ അറിയപ്പെടുന്ന ഇംഗ്ലീഷ് ഭാഷ പരിശീലകനാണ്.
മനുഷ്യശരീരത്തിൽ ജീവവായുപോലെ ഇന്നത്തെ സാമൂഹ്യജീവിതത്തിൽ ലോകഭാഷയായ ഇംഗ്ലീഷ് പരിജ്ഞാനം കൂടിയേതീരൂ. ലോകമാകെ മുഴങ്ങുന്ന യൂറോപ്യൻ സ്ലാംഗിൽ ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കണമെന്നുള്ളവർക്ക് രമേഷിനെ സമീപിക്കാം. 18 മുതൽ 85 വയസ് വരെയുള്ളവർ ഇവിടെ പഠിക്കുന്നുണ്ട്. ഇംഗ്ലീഷിൽ ശരാശരി അറിവുള്ളൊരാളിനെ പരമാവധി 90 ദിവസംകൊണ്ട് നല്ല ഭാഷാശുദ്ധിയോടെ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുമെന്നത് രമേഷിന്റെ മണിബാക്ക് ഗ്യാരണ്ടിയാണ്. പാർട്ട്ടൈം, ഫുൾടൈം, ഓൺലൈൻ ക്ലാസുകളുണ്ട്. കൃത്യമായ അറ്റൻഡൻസും ഹോംവർക്കും നിർബന്ധമാണ്. ഇപ്പോൾ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനൊപ്പം അറിയപ്പെടുന്ന മോട്ടിവേഷൻ ട്രെയിനറുമാണ് ഇദ്ദേഹം.
തിരിച്ചറിവില്ലാത്ത പ്രായത്തിൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തോട് തോന്നിയ വിരക്തിയും അമ്മയുടെ വേർപാടും ഒരുനിമിത്തം മാത്രമായിരുന്നു. നിലയില്ലാത്ത സംസാരസാഗരത്തിൽ അകപ്പെട്ട പായ് കപ്പൽ പോലും കാറ്റിലും കോളിലും ആടിയുലഞ്ഞ കപ്പൽ ഒടുവിലൊരു തീരത്തണയുകയായിരുന്നു. ആത്മവിശ്വാസമെന്ന മാസ്മരിക ശക്തിയാണ് എല്ലാപ്രതിസന്ധികളെയും അതിജീവിച്ചുള്ള സാഗരയാത്രയിൽ തുണയായത്. അതാകട്ടെ കരാട്ടെയെന്ന ആയോധനകലയിൽ നിന്നുപകർന്നുകിട്ടിയതുമാണ്.
തിരിച്ചറിവിന് മുമ്പേ പാഠപുസ്തകം താഴെ വച്ചെങ്കിലും ചെറുപ്പം മുതലുള്ള വായനാശീലം കൈവിട്ടിരുന്നില്ല. നിരവധി ഇംഗ്ലീഷ് സാഹിത്യകൃതികളുൾപ്പെടെ വായിച്ചുകൂട്ടിയിട്ടുണ്ട്. ഡോ. ബി.ആർ. അംബേദ്കറും സ്വാമി വിവേകാനന്ദനുമാണ് മാതൃകാപുരുഷന്മാർ. നെടുവന്നൂർ കാരിക്കുഴിയിൽ വേലായുധന്റെയും പരേതയായ കുട്ടിയുടേയും മകനാണ് കെ.വി. രമേഷ്. ഭാര്യ: ശ്രീജയും ഇംഗ്ലീഷ് അക്കാഡമിയിൽ അദ്ധ്യാപികയാണ്.