തൃക്കാക്കര: കൊവിഡ് കാലത്ത് വൃദ്ധർക്കും ഗർഭിണികൾക്കും സാന്ത്വനമേകാൻ വിളിച്ചാൽ വിളിപ്പുറത്ത് ആശാവർക്കർമാർ. വിദേശത്തുനിന്ന് വന്നവരുടേയും കൊവിഡ് രോഗബാധിത സംസ്ഥാനങ്ങളിൽനിന്നും വന്നവരുടെയും ലിസ്റ്റ് തയ്യാറാക്കുക, മേലാധികാരികളെ അറിയിക്കുക, ഇത്തരത്തിൽ എത്തിയിട്ടുള്ളവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നുണ്ടോ എന്ന് ഫോണിലൂടെയോ നേരിട്ടോ അന്വേഷിക്കുകയും നിബന്ധനകൾ പാലിക്കാത്തവരെ ബോധവത്കരിക്കുകയും ചെയ്യുക, നിരീക്ഷണത്തിലുള്ളവർക്ക് എതെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ടവരുടെ സഹകരണത്തോടെയും അതെത്തിക്കുക, ഡയാലിസിസ് ചെയ്യുന്നവർ, കിഡ്‌നി സംബന്ധമായ മറ്റ് അസുഖങ്ങൾ ഉള്ളവർ, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ എന്നിവരെ പ്രത്യേകം ബോധവത്കരിക്കുകയും ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് ആശാ പ്രവർത്തകർ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്നത്.
ജില്ലയിൽ നിലവിൽ 2375 ആശാവർക്കർമാർ
ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ലോക്ക് ഡൗണിന് മുമ്പുതന്നെ ആശാവർക്കർമാർ വീടുകളിലെത്തി 60 വയസിനുമുകളിലുള്ളവരുടെ കണക്കെടുപ്പ് പൂർത്തിയാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ, തിരിച്ചുപോകുന്ന തീയതി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ഇവർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് കൈമാറും. ഈ വിവരങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ജില്ലാ കൊവിഡ് സെല്ലിലേക്കും സംസ്ഥാന സെല്ലിലേക്കും അറിയിക്കുന്നു. 60 വയസിനുമുകളിലുള്ളവരുടെ പരിരക്ഷയ്ക്കാണ് മുഖ്യമായും ഇവർ മുന്നിട്ടിറങ്ങുന്നത്. ആശുപത്രിയിൽ പോവാൻ കഴിയാത്തവർക്കും സ്ഥിരം മരുന്ന് കഴിക്കുന്നവർക്കും മരുന്ന് വീട്ടിലെത്തിച്ചു നൽകാനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങളുണ്ടെങ്കിലും അടിയന്തരഘട്ടങ്ങളിൽ സേവനങ്ങൾക്കായി എത്തുന്നതും ആശാവർക്കർമാരാണ്. നഗരസഭയിലെ റാപ്പിഡ് ടീമിലും സജീവമാണ്. പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കുന്നതിലും പങ്കാളികളാകുന്നതോടൊപ്പം മാസ്‌ക് നിർമാണം, സാനിറ്റൈസർ നിർമാണം എന്നിവയിലും ഏർപ്പെടുന്ന ആശാവർക്കർമാർ നിരവധിയുണ്ട്. കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ പ്രവർത്തകരോടൊപ്പം വീടുകളിൽപ്പോയി സാന്ത്വനം നൽകാനും ഇവരുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ ഭക്ഷണവും ഗർഭിണികൾ ഉൾപ്പെടായുള്ളവർക്ക് മരുന്നുകളും എത്തിക്കുന്നു. നാട്ടിൽ പുതുതായി ആരെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അവരെ നിരീക്ഷിക്കുന്നതിനും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ശുചിത്വനിർദേശങ്ങളുമായി ഇവരുണ്ട്.