ആലുവ: ഇനി മുതൽ ലൈബ്രറിയിൽവന്ന് പുസ്തകങ്ങൾ തിരഞ്ഞ് ആരും നിരാശയോടെ മടങ്ങേണ്ട. ആവശ്യമായ പുസ്തകങ്ങൾ ലൈബ്രറി അലമാരയിൽ നിന്നെടുത്ത് മടങ്ങാം. കൊവിഡ് കാലത്ത് വായിച്ച് വീട്ടിലിരിക്കാൻ ഡിജിറ്റൽ കാറ്റലോഗുമായി കുട്ടമശേരി ചാലക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറിയാണ് പുസ്തകവായനക്കാർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നത്.
കൊവിഡ് കാലത്തെ സാമൂഹ്യ നിയന്ത്രണങ്ങൾക്കുള്ളിൽനിന്ന് വായനക്കാർക്ക് ഇഷ്ടമുള്ള പുസ്തകം നിമിഷനേരം കൊണ്ട് കണ്ടെത്താനാണ് ഡിജിറ്റൽ കാറ്റലോഗ് തയ്യാറാക്കിയിരിക്കുന്നത്. ലൈബ്രറിയിലുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് ഫയൽ ലൈബ്രറിയുടെ വാട്ട്‌സ്ആപ് ഗ്രൂപ്പിൽ ഇപ്പോൾ ലഭ്യമാണ്. നോവൽ, ലേഖനം, ശാസ്ത്രം, ആത്മകഥ, യാത്രാവിവരണം, ചരിത്രം, ഉപന്യാസം, ഓർമ്മക്കുറിപ്പ്, നിരൂപണം, അനുഭവം, അനുസ്മരണം, ജീവചരിത്രം, ആരോഗ്യം, പരിസ്ഥിതി, തത്വചിന്ത, നാടകം, നവോത്ഥാനം, യുക്തിവാദം,മതം തുടങ്ങിയ 20ൽപ്പരം വിഭാഗങ്ങൾ അക്ഷര ക്രമത്തിലാക്കിയുള്ളതാണ് ഡിജിറ്റൽ കാറ്റലോഗ്.
കാറ്റലോഗിൽ പുസ്തകത്തിന്റെ ആദ്യ അക്ഷരത്തിൽ പോയി വായനക്കാർ ഇഷ്ടപ്പെടുന്ന പുസ്തകം ഉണ്ടോയെന്ന് വേഗത്തിൽ അറിയാനാകും. വീട്ടിൽ നിന്നിറങ്ങുംമുമ്പ് ഫോണിലെ ഡിജിറ്റൽ കാറ്റലോഗ് നോക്കി പുസ്തകം ഏതെന്ന് ഫോൺ ചെയ്തറിയിച്ചാൽ വായനക്കാരെ കാത്ത് പുസ്തകം റെഡിയായിരിക്കും. ഏഴായിരത്തിലേറെ പുസ്തകങ്ങൾ കഴിഞ്ഞവർഷം ലോക് ഡൗൺ കാലത്താണ് ഡിജിറ്റൽ കാറ്റലോഗിലേക്ക് മാറ്റുവാൻ തുടങ്ങിയത്. ഇതുവഴി വായനയെ കൂടുതൽ ജനകീയമാക്കാനും കൊവിഡ് കാലത്തെ അലസത മാറ്റാനുമാണ് ലൈബ്രറി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.