police
കടവന്ത്ര മെട്രോ സ്‌റ്റേഷന് മുന്നിൽ സ്ഥാപിച്ച സ്മാർട്ട് കിയോസ്‌ക്‌

കൊച്ചി: പൊലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്ന് പരാതി നൽകാൻ സാധിക്കാത്ത സാഹചര്യത്തിലും അടിയന്തിര സഹായം ലഭിക്കേണ്ട സന്ദർഭങ്ങളിലും ഉപയോഗപ്പെടുത്തുന്നതിനുള്ള കേരള പൊലീസിന്റെ സ്മാർട്ട് പൊലീസ് കിയോസ്‌ക് സംരംഭത്തിന് കൊച്ചിയിൽ തുടക്കമായി. കടവന്ത്ര മെട്രോ സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ആദ്യ കിയോസ്‌കിന്റെ ഉദ്ഘാടനം ഡി.ജി.പി ലോക് നാഥ് ബെഹ്‌റ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കിയോസ്‌ക് സ്ഥാപിക്കും. കിയോസ്‌ക്കുകൾക്കുള്ളിൽ കമ്പ്യൂട്ടറുകളെ സ്മാർട്ട് കിയോസ്‌ക് കൺട്രോൾ സെന്ററുകളുമായി ഇന്റർനെറ്റ് മഖേന ബന്ധിപ്പിച്ചാണ് പ്രവർത്തനം. പൊതുജനങ്ങൾ കിയോസ്‌കിനകത്ത് എത്തി സ്‌ക്രീനിലൂടെ പരാതി നൽകാനാകും. വിരൽ കിയോസ്‌കിലെ ടച്ച് സ്‌ക്രീനിൽ തൊടുന്നതോട് കൂടി കൺട്രോൾ സെന്ററിലെ പൊലീസ് ഓഫീസറുമായി നേരിട്ട് പരാതി അറിയിക്കാം. ഇത് രേഖമൂലം പരാതിയായി പിന്നീട് മാറുകയും ചെയ്യും. പരാതി നൽകുന്ന സമയത്ത് സ്വകാര്യത ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും.കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ പരാതിക്കാർക്ക് സ്റ്റേഷനികളിൽ നേരിട്ടെത്തി പരാതി നൽകുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇതൊഴിലാക്കാനും സ്മാർട്ട് കിയോസ്‌ക് വഴി സാധിക്കും.