കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ടുകളുടെ സർവീസ് താത്കാലികമായി നിർത്തി. ഇൗ രണ്ട് ബോട്ടുകളും പകുതിയോളം ശീതീകരിച്ചിരിക്കുന്നതിനാൽ കൊവിഡ് വ്യാപനം വേഗത്തിലാക്കാൻ സാദ്ധ്യതയുള്ളതിനാലാണ് നടപടി.

വൈക്കം-എറണാകുളം റൂട്ടിലും വിനോദസഞ്ചാരത്തിനായി ആലപ്പുഴയിലുമാണ് വേഗ സർവീസുള്ളത്.

വേഗ ആരംഭിച്ചതുമുതൽ നല്ല തിരക്കുണ്ട്. മറ്റുജില്ലകളിൽനിന്നുള്ളവരും ഇതിൽ സഞ്ചാരികളായെത്തുന്നതാണ് ആശങ്ക ഉണർത്തുന്നത്.

120 സീറ്റുകളുള്ള കാറ്റാമറൈൻ ബോട്ടുകളാണിവ. 120 സീറ്റിൽ 80 സീറ്റുകൾ നോൺ എ.സിയും 40 സീറ്റുകൾ എ.സിയുമാണ്. എറണാകുളത്ത് സർവീസ് നടത്തുന്ന ബോട്ട് രാവിലെ 7.30ന് വൈക്കത്തുനിന്ന് പുറപ്പെട്ട് മണപ്പുറം, പെരുമ്പളം സൗത്ത് ജെട്ടിയിലും തുടർന്ന് പാണാവള്ളി ജെട്ടിയിലും കുമ്പളത്തും അടുത്ത് 9ന് എറണാകുളത്ത് എത്തും. തുടർന്ന് ഫോർട്ടുകൊച്ചി- എറണാകുളം റൂട്ടിൽ സർവീസ് നടത്തിയിരുന്നു. ഈ സർവീസുകളിൽ വിനോദസഞ്ചാരികളുടെ തിരക്കുമുണ്ടായിരുന്നു. ദിവസം 7 ട്രിപ്പുകൾവരെ നടത്തും. തുടർന്ന് വൈകിട്ട് 5.30ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് വിവിധ ജെട്ടികളിൽ അടുത്ത് വൈക്കത്ത് തിരിച്ചെത്തുന്നതോടെ ഒരുദിവസത്തെ സർവീസ് പൂർത്തിയാക്കും.

ആലപ്പുഴയിലെ വേഗ-2 ബോട്ട് പൂർണമായും വിനോദസഞ്ചാരത്തിനാണ് ഉപയോഗിക്കുന്നത്. 11.30 മുതൽ 4.30 വരെയായിരുന്നു സർവീസ്. ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ടുവഴി കുമരകം പക്ഷിസങ്കേതത്തിൽ എത്തിയശേഷം മടങ്ങുന്ന തരത്തിലായിരുന്നു സർവീസ്.

നഷ്ടം കണക്കാക്കുന്നില്ല

രണ്ടുബോട്ടിന്റെയും സർവീസ് നിർത്തിയതോടെ പ്രതിദിനം 80000 രൂപയുടെ നഷ്ടമാണ്. നിലവിലത്തെ സാഹചര്യത്തിൽ നഷ്ടം കണക്കാക്കുന്നില്ല. ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന. എല്ലാ ബോട്ടുകളും സർവീസിനുശേഷം അണുവിമുക്തമാക്കാറുണ്ട്. ഇതിനായി ഓരോ ബോട്ടിനും പ്രത്യേകം ഉപകരണങ്ങളും വാങ്ങിച്ചിട്ടുണ്ട്.

ഷാജി.വി.നായർ,

സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ