joshnson

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ തെല്ലും പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നവരുടെ ഇടയിലേക്ക് ഉച്ചഭാഷിണിയിൽ ബോധവത്കരണ സന്ദേശവുമായി ജോൺസന്റെ സൈക്കിൾ എത്തും. 'കരുതിയിരിക്കുക, കൊവി​ഡ് നമ്മൾക്കൊപ്പമുണ്ട്. മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുക. സാമൂഹിക അകലം പാലിക്കുക' സന്ദേശങ്ങൾ കേൾക്കുമ്പോൾ ജനങ്ങൾ പരസ്പരം അകലും. ചിലർ വീടുകളിലേക്ക് തിരിച്ചു പോവും. രണ്ടായാലും ജോൺസന് സന്തോഷമാണ്. തന്റെ ഒറ്റയാൾ പ്രതിരോധം വിജയം കാണുന്നതിലെ സന്തോഷം.
രണ്ടാം കൊവിഡ് വ്യാപനം രൂക്ഷമായതു മുതൽ പശ്ചിമകൊച്ചിയിലെ തെരുവുകളിൽ രാവിലെയും വൈകിട്ടും മുടങ്ങാതെ ജോൺസന്റെ സൈക്കിൾ സഞ്ചാരമുണ്ട്. കൊവിഡ് രോഗം ഫോർട്ടുകൊച്ചി, ഇടക്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി ഭാഗങ്ങളിൽ വർദ്ധിക്കുമ്പോഴും പ്രോ

ട്ടോകാൾ പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് പതിവായതോടെയാണ് തന്റെ പഴയ തുക്കട സൈക്കിളിൽ ഉച്ചഭാഷിണി കെട്ടിവച്ച് ജോൺസൺ തെരുവിലേക്ക് ഇറങ്ങിയത്.ആദ്യദിനങ്ങളിൽ കൗതുകത്തോടെ കണ്ടിരുന്ന നാട്ടുകാർ ഇപ്പോൾ ജോൺ​സന് അല്പം ബഹുമാനം നൽകി​ തുടങ്ങി. തിരക്കുള്ള പ്രദേശങ്ങളിൽ ജോൺസൺ കുറച്ചുസമയം ബോധവത്കരണ പ്രഭാഷണവും നടത്തും.

കൗതുകത്തിന്റെ പേരിലാണെങ്കിലും തന്റെ വാക്കുകൾ ശ്രവിക്കുന്നവരും അനുസരിക്കുന്നവരുമുണ്ടെന്ന് ജോൺസൺ പറയുന്നു. ഈ മഹാമാരിക്കാലത്ത് തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ഇത്രയും മാത്രമാണ്. ജനങ്ങളെ പറഞ്ഞു മനസിലാക്കുക. ജോൺസൺ പറയുന്നു.രാവിലെ ഇടക്കൊച്ചിയിൽ നിന്ന് പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്ക് സൈക്കിളിൽ പോവും. വൈകിട്ട് വീണ്ടും നഗരത്തിന്റെ പ്രധാന തെരുവുകളിൽ എത്തും. ഇടക്കൊച്ചി സ്വദേശിയായ വർക്ക്‌ഷോപ്പ് ജീവനക്കാരനാണ് ജോൺസൺ. റീച്ച് വേൾഡ് വൈഡ് എന്ന സംഘടനയുടെ പ്രവർത്തകൻ കൂടിയാണ്.