കൊച്ചി: വോട്ടെണ്ണൽ ഇന്ന് കഴിയുന്നതോടെ വോട്ടിംഗ് മെഷീനുകൾക്ക് ഇനി വിശ്രമകാലം. ഇന്നുതന്നെ മെഷീനുകൾ സീൽ ചെയ്ത് അതത് ജില്ലയിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റും. സ്ട്രോംഗ് റൂമിൽ നിയോജകമണ്ഡല പ്രകാരമാണ് വയ്ക്കുക. 45 ദിവസം ഇവ സീൽചെയ്തു സൂക്ഷിക്കും. ഇതിനുള്ളിൽ വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ കോടതിയുടെ നിർദ്ദേശപ്രകാരം മെഷീനുകൾ പരിശോധിക്കാം. അല്ലെങ്കിൽ ഒരുവർഷത്തിനുശേഷം ഇവയിലെ രേഖകൾ നീക്കംചെയ്ത് വീണ്ടും സ്ട്രോംഗ് റൂമിലേക്ക് മാറ്റും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പുവരെ വിശ്രമം. ഉപതിരഞ്ഞെടുപ്പുണ്ടെങ്കിൽ ആവശ്യമുള്ളവ മാത്രം വീണ്ടുമെടുക്കും.
ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം സ്റ്റോക്ക് വെരിഫിക്കേഷൻ നടത്തും. എണ്ണത്തിൽ കുറവുണ്ടോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നിവ പരിശോധിക്കാനാണിത്.