കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൊച്ചിക്ക് കൈത്താങ്ങാകുകയാണ് ഭിന്നശേഷിക്കാർ. കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാ പരിധിയിൽ നിരീക്ഷണത്തിലുള്ളവർക്കും കൊവിഡ് ബാധിതർക്കും കൊച്ചി നഗരസഭയുടെ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ തണലും ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷനും ഭക്ഷ്യധാന്യങ്ങൾ നൽകി. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഏറ്റുവാങ്ങി.
സമൂഹത്തിന്റെ ഒപ്പം അതിജീവനത്തിന്റെ പാതയിൽ തങ്ങൾ ഉണ്ടാകുമെന്ന് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു .
കൊച്ചിൻ കോർപ്പറേഷൻ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എ. ശ്രീജിത്ത്, ഷീബലാൽ , കൗൺസിലർ ഷീബ ഡുറോം, കരയോഗം സെക്രട്ടറി രാമചന്ദ്രൻ (വേണു), സി.സി. സന്തോഷ് എന്നിവർ പങ്കെടുത്തു.