കളമശേരി: കൊവിഡ് വ്യാപനം തടയുന്നതിന് ശനി, ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെ ഇവ ലംഘിച്ച് പന്ത്രണ്ട് തൊഴിലാളികളും പണി സാമഗ്രികളുമായി പാതാളം പാലം വഴി വന്ന വാഹനം ബിനാനിപുരം പൊലീസ് തടഞ്ഞ് കേസെടുത്തു. വാഹനം കോടതിക്ക് കൈമാറും. ഏലൂർ, കളമശേരി നഗരസഭകളിൽ അത്യാവശ്യ സർവീസുകൾ ഒഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. പാതാളം, മഞ്ഞുമ്മൽ, പ്രീമിയർ കവല, ഇടപ്പള്ളി ഭാഗങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ നിരത്തി പരിശോധനയുണ്ടായിരുന്നു. ദേശീയപാതയുൾപ്പെടെയുള്ള റോഡുകളിൽ വാഹനങ്ങൾ കുറവായിരുന്നു. ഹെൽമെറ്റില്ലാതെ വന്ന വാഹനയാത്രക്കാർക്ക് പിഴയിട്ടു.