കൊച്ചി: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കംചെയ്യണമെന്ന നിവേദനം ഒരുമാസത്തിനകം പരിഗണിച്ച് തീർപ്പാക്കാൻ ഹൈക്കോടതി തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിയോട് നിർദ്ദേശിച്ചു. പൂണിത്തുറ സ്വദേശി ബിന്ദു അനന്തരാമൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണനാണ് നിർദ്ദേശം നൽകിയത്. തൃപ്പൂണിത്തുറ മിനിബൈപ്പാസിൽ ഗാന്ധി സ്‌ക്വയറിനുസമീപം ഹർജിക്കാരിയുടെ പേരിലുള്ള ഭൂമിയിൽ അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ നേരത്തെ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. ഇതിൽ നടപടി വൈകിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മാലിന്യങ്ങൾ നീക്കംചെയ്യുന്നതിനൊപ്പം ഭൂമിക്കുചുറ്റും താത്കാലികവേലി നിർമ്മിച്ച് സംരക്ഷിക്കാനുള്ള അനുമതിയും തേടിയിരുന്നു. ഇൗ നിവേദനം പരിഗണിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.