ആലുവ: കൊവിഡ് ബാധിതർക്ക് 'കൊവിഡ് കെയർ' വാഹന സൗകര്യവുമായി ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക്. കൊവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനാണ് സംവിധാനം. രോഗികൾക്കും കുടുംബാംഗങ്ങൾക്കും പരിശോധനക്കും ചികിത്സക്കുമായി പോകാൻ വാഹനം ലഭിക്കാത്ത സാഹചര്യത്തിലാണ് 24 മണിക്കൂറും സജ്ജമായ 'കൊവിഡ് കെയർ' വാഹനസൗകര്യം. നിർദ്ധനരായവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് ചെറിയ നിരക്കിലും ചെങ്ങമനാട് പഞ്ചായത്തിൽ ഈ വാഹനസൗകര്യം ലഭ്യമാക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധമുള്ള സാനിറ്റൈസിംഗ് സൗകര്യങ്ങൾ വാഹനത്തിൽ സജജമാക്കിയിട്ടുണ്ട്.
ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. പി.എ. രഘുനാഥ്, എം.കെ. പ്രകാശൻ, എൻ. അജിത്കുമാർ, കെ.ബി. മനോജ്കുമാർ, മിനി ശശികുമാർ, ഇ.ഐ. മജീദ്, അമിത, മുഹാദ്, ആർ. സുനിൽകുമാർ, പി.സി. സതീഷ് കുമാർ ,സി.വി. ബിനീഷ്, എ.എം. നവാസ് എന്നിവർ പങ്കെടുത്തു.