മുളന്തുരുത്തി: ഇത് കാട്ടിലേയ്ക്കുള്ള വഴിയാണെന്ന് ധരിക്കരുത്. നിത്യവും നിരവധി പേർ ട്രെയിൻ യാത്രയ്ക്കായി ആശ്രയിക്കുന്ന മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലേയ്ക്കള്ള റോഡാണിത്. കടുത്ത വേനലിലും റോഡിനിരുവശവും ആനപ്പുല്ലും പാഴ്മരങ്ങളും വളർന്നു ഇരുൾമൂടിക്കിടക്കുന്ന ഈ വഴിയിലൂടെയുള്ള യാത്ര പകലും രാത്രിയിലും യാത്രക്കാരിൽ ഭീതി പരത്തുകയാണു്. റെയിൽവേയുടെ സ്ഥലമായതിനാൽ മറ്റുള്ളവർക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല. പരാതി ഉയരുമ്പോൾ പഞ്ചായത്താണ് വല്ലപ്പോഴും പുല്ലുവെട്ടിക്കളയുന്നത്. ഇവിടെ വഴിവിളക്ക് പേരിനുമാത്രമാണ്. ഇത് ട്രെയിൻ സ്റ്റേഷനിൽ എത്തുമ്പോൾ മാത്രമാണ് തെളിക്കുക.
തിരുവനന്തപുരത്തേയ്ക്ക് പോകുന്ന വഞ്ചിനാട് എക്സ്പ്രസ് പുലർച്ചെ അഞ്ചരയോടെയാണ് ഇവിടെയെത്തി യാത്രതുടരുന്നത്. തിരിച്ചെത്തുമ്പോൾ രാത്രിവൈകും. ട്രെയിനിൽ വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെല്ലാം ഈ ഇരുൾവഴി താണ്ടിയാണ് പോകുന്നത്.
റോഡരികിലെ പാഴ്മരങ്ങളും പുല്ലും വെട്ടിമാറ്റണം. സ്ഥിരമായി വഴിവിളക്ക് തെളിക്കണം. നിരീക്ഷണ കാമറകൾ സ്ഥാപിക്കണം എന്നിവയാണ് യാത്രക്കാരുടെ ആവശ്യങ്ങൾ.
സംരക്ഷണ വേലികളില്ല
റെയിൽവേ സ്റ്റേഷനുചുറ്റും സംരക്ഷണ വേലികളില്ല.ആർക്കു വേണമെങ്കിലും സ്റ്റേഷനിലൂടെ കയറിയിറങ്ങി പോകാവുന്ന സ്ഥിതിയാണ്. ഇതുമൂലം ആരെയും നിയന്ത്രിക്കുവാനും കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.