പള്ളുരുത്തി: കൊവിഡ് വ്യാപനം ഭീതി പരത്തുന്ന കുമ്പളങ്ങി പഞ്ചായത്തിൽ കൊവിഡ് മരണനിരക്ക് ഉയരുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. ഇന്നലെ 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാംഘട്ട രോഗവ്യാപനത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവനാണ് പൊലിഞ്ഞത്. 650ലേറെപ്പേർ ചികിത്സയിലുണ്ട്. ഇവരിൽ ഭൂരിഭാഗം രോഗികളും വീടുകളിൽ തന്നെയാണ്. രോഗികളെ വീടുകളിൽ പാർപ്പിക്കുന്നത് രോഗവ്യാപനം കൂടാൻ കാരണമാവുകയാണ്.
രോഗികളെ മാറ്റിപ്പാർപ്പിച്ച് പരിചരിക്കാൻ എഫ്.എൽ.ടി.സി അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് സെന്റ്.പീറ്റേഴ്സ് പള്ളി വികാരി ഫാ. ജോയ് ചക്കാലക്കൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകണമെന്നും എഫ്.എൽ.ടി.സി തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് നവജീവൻ പ്രേഷിതസംഘം ഭാരവാഹി മേരി റേച്ചലും കളക്ടർക്ക് നിവേദനം നൽകി.
കഴിഞ്ഞവർഷം എഫ്.എൽ.ടി സെന്ററായി പ്രവർത്തിച്ചിരുന്നത് കുമ്പളങ്ങി തെക്ക് സെന്റ്. ആൻസ് സ്കൂളായിരുന്നു. പശ്ചിമകൊച്ചിയിലെ നിരവധിപേരാണ് ഇവിടെനിന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇത് രോഗ വ്യാപനം തടയുന്നതിന് സഹായകമായി.
പഞ്ചായത്തിൽ പൊലീസ് കനത്ത പരിശോധനയിലാണ്. പഞ്ചായത്തിന്റെ നാലുഭാഗവും അടച്ചുകെട്ടി. അത്യാവശ്യ സർവീസ് അല്ലാതെ ആരെയും ഗ്രാമത്തിലേക്കും പുറത്തേക്കും കടത്തിവിടുന്നില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിലും ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
എഫ്.എൽ.ടി.സി തുറക്കും
പഞ്ചായത്തിൽ എഫ്.എൽ.ടി.സി തുറക്കാൻ ഉത്തരവായി. 104 കിടക്കകൾ പഞ്ചായത്തിന്റെ സന്നദ്ധസേനയും പഞ്ചായത്ത് അംഗങ്ങളും സ്കൂൾ അധികൃതരും ചേർന്ന് ഇന്നലെ വൈകിട്ട് സജ്ജമാക്കി. മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ജീവനക്കാർക്കുള്ള സൗകര്യവുമേർപ്പെടുത്തി. ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കാമെന്ന പ്രതീക്ഷയിലാണ്.
ലീജാ തോമസ് ബാബു,
പഞ്ചായത്ത് പ്രസിഡന്റ്